കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ തള്ളിയാണ് സിബിഐ അന്വേഷണം അവസാന വാക്കല്ലെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്റെ ഭാര്യ കെ.മഞ്ജുഷ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നവീന്റെ കുടുംബത്തോട് ഒപ്പമാണെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴാണ് കുടുംബത്തിന്റെ നിലപാടിനെ പാര്‍ട്ടി സെക്രട്ടറി തന്നെ പരസ്യമായി തള്ളിയത്.
”നവീന്‍ ബാബു വിഷയത്തില്‍ ഞങ്ങള്‍ കൃത്യമായ നിലപാടാണ് സ്വീകരിച്ചത്. ഇനിയും കൃത്യമായ നിലപാട് സ്വീകരിച്ച് തന്നെ മുന്നോട്ട് പോകും. കുടുംബം കോടതിയില്‍ പോയിട്ടുണ്ട്. കോടതി ആവശ്യമായ നിലപാട് സ്വീകരിക്കട്ടെ. അതില്‍ ഇടപെടേണ്ട കാര്യമില്ല. സിബിഐ അന്വേഷണത്തെക്കുറിച്ച് പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാനം എന്ന വാക്ക് ഞങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇന്നലെയും അംഗീകരിച്ചിട്ടില്ല, ഇന്നും അംഗീകരിച്ചിട്ടില്ല, നാളെയും അംഗീകരിക്കില്ല. സിബിഐ കൂട്ടില്‍ കിടക്കുന്ന തത്തയാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടല്ലോ”-എം.വി.ഗോവിന്ദന്‍ പറഞ്ഞു.
നവീന്‍ ബാബുവിനെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാകാമെന്ന സംശയവും ഭാര്യ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. നിര്‍ണായക തെളിവുകള്‍ ശേഖരിക്കാനല്ല, ഒളിപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ശ്രമിക്കുന്നതെന്ന ആരോപണവുമുണ്ട്. മരണകാരണത്തെക്കുറിച്ചു സംശയമുണ്ടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നു ഹര്‍ജിയില്‍ പറയുന്നു. താനും കുടുംബാംഗങ്ങളും എത്തുന്നതിനു മുന്‍പ് തിടുക്കത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയത് സംശയമുണ്ടാക്കുന്നു. ഇന്‍ക്വസ്റ്റിന് ഉറ്റബന്ധുക്കളുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന നിയമം ലംഘിക്കപ്പെട്ടതായും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു. ആരെ രക്ഷിക്കാനാണ് സര്‍ക്കാരും പോലീസും ശ്രമിക്കുന്നതെന്നും ടി വി പ്രശാന്തന്‍ ആരുടെ ബിനാമിയാണെന്നും വി ഡി സതീശന്‍ ചോദിച്ചു. സര്‍ക്കാരും സിപിഎമ്മും നവീന്‍ ബാബുവിന്റെ കേസില്‍ ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാരോടൊപ്പമാണ് എന്ന പ്രതിക്ഷത്തിന്റെ നിലപാട് ശരിവെക്കുന്നതാണ് ഇന്നലെ നവീന്‍ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയില്‍ കൊടുത്ത സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജിയെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
‘നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കൈക്കൂലി ചോദിച്ചു എന്ന് പറയുന്ന വ്യാജ രേഖ ഉണ്ടാക്കിയവരെ കുറിച്ച് അന്വേഷണമില്ല. നവീന്‍ ബാബുവിന്റെ വീട്ടില്‍പോയി കുടുംബത്തോടൊപ്പമാണെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറി, കേസിലെ പ്രതി ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ ഭാര്യയെ പറഞ്ഞയച്ചത് സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ്.’ വി ഡി സതീശന്‍ പറഞ്ഞു.
‘വ്യാജരേഖ ചമച്ചവര്‍ക്കും കള്ള ഒപ്പിട്ടവര്‍ക്കും എതിരെ അന്വേഷണമില്ല.പ്രശാന്തന്‍ കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആളുടെ ബിനാമിയാണ്. ദിവ്യക്ക് രഹസ്യങ്ങള്‍ അറിയാം ഇത് പുറത്താകുമൊ എന്ന പേടി സര്‍ക്കാരിനുണ്ട്. ദിവ്യയെ പ്രീതിപ്പെടുത്താനാണ് സിപിഐഎം നേതാക്കള്‍ ശ്രമിക്കുന്നത്. പ്രതികളും കൂട്ടുകാരും ഒക്കെയുള്ള പരിയാരം മെഡിക്കല്‍ കോളേജിലാണ് നവീന്‍ ബാബുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.’ വി ഡി സതീശന്‍. ഗൗരവതരമായ വീഴ്ചകള്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇതൊരു കൊലപാതകമാണെന്ന് സംശിക്കുന്നുണ്ടെന്ന കുടുംബത്തിന്റെ ആരോപണം ഞെട്ടിക്കുന്നതാണെന്നും വിഡി സതീശന്‍ പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട കോടതി സര്‍ക്കാരിനോടും സിബിഐയോടും നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘത്തോട് പത്ത് ദിവസത്തിനകം കേസ് ഡയറി ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് ഡിസംബര്‍ ആറിന് വീണ്ടും പരിഗണിക്കും