തിരുവനന്തപുരം ജില്ലയിൽ അധികം ആർക്കും അറിയാത്ത ഒരു ഹിഡൺ സ്പോട്ട് ഉണ്ട് അതാണ് അമ്പൂരി. അനുദിനം തിരുവനന്തപുരം ജില്ലയുടെ ടൂറിസം ഭൂപടത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഈ മലയോര ഗ്രാമം. അമ്പൂരിയിൽ ചെന്നാൽ ഗ്രാമം എന്ന വാക്ക് അതേപടി മനസിലേക്ക് വരും. അത്രത്തോളം ഗ്രാമീണ ഗംഭിയാണ് ഇവിടെ. വൈവിധ്യങ്ങൾ കൊണ്ട് ഏതൊരു സഞ്ചാരിയെയും ആകർഷിക്കുവാൻ കഴിയുന്ന സ്ഥലമാണ് ഇവിടം. ഇങ്ങനെയും ഒരു ഗ്രാമമോ എന്ന് സഞ്ചാരി വിസ്മയിക്കും. വര്‍ഷങ്ങള്‍ക്കുമുന്‍പ് കോട്ടയം, ചങ്ങനാശ്ശേരി, എരുമേലി ഭാഗത്തുനിന്നുള്ളവർ എത്തിയ ഒരു കുടിയേറ്റ ഗ്രാമമാണ് അമ്പൂരി. കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് അവര്‍ കെട്ടിപ്പടുത്തതാണ് ഈ ഗ്രാമത്തെ. ആറിന്‍റെ മനോഹരമായ ദൃശ്യഭംഗിയും ആദിവാസി ഊരുകളും നെയ്യാർ ഡാം റിസർവോയറും മറ്റ് മനോഹരമായ വിദൂര ദൃശ്യങ്ങളും എല്ലാം ഇവിടെ കാണാം. പടവിനു കുറുകെയുള്ള പാലം ആദിവാസി ഊരുകളെ അമ്പൂരിയുമായി ബന്ധിപ്പിക്കുന്നു. മായം പുരവിമല കടവില്‍നിന്ന് കടത്തുതോണിയില്‍ വേണം അക്കരെയെത്തിയാൽ അഴരുടെ ജീവിതവും നമുക്ക് കാണാം. കുട്ടികള്‍ക്കായി സ്‌കൂളും അങ്കണവാടിയും ഈ ആദിവാസി ഊരിൽ ഉണ്ട്.
അമ്പൂരി എന്ന പേര് ഈ സ്ഥലത്തിന് വരാൻ ഒരു കാരണമുണ്ട്. മാർത്താണ്ഡ വർമ്മ രാജാവിന്റെ പോരാളികളിൽ പ്രമുഖനായിരുന്നു ചടച്ചി മാർത്താണ്ഡൻപിള്ള. ഒരിക്കൽ ഒറ്റശേഖരമംഗലത്തു നിന്നും അദ്ദേഹം ഒരു അമ്പെയ്ത്തു മത്സരത്തിൽ പങ്കെടുത്തു. അതിൽ അദ്ദേഹം എയ്ത അമ്പ് കുറേ അകലെയുള്ള ഒരു മരത്തിൽ തറച്ചു. അങ്ങനെ അത് ഊരിടെയുത്ത് ആ മരത്തിൽ പ്രത്യേക അടയാളം സ്ഥാപിച്ചു. അങ്ങനെ ആ അമ്പുകൾ ഊരിയ സ്ഥലമാണ് പിന്നീട് അമ്പൂരി എന്നറിയപ്പെട്ടത് എന്നാണ് കഥ.
അമ്പൂരിയിലെ ഏറ്റവും മനോഹരമായ വ്യൂ പോയിന്റ് എന്നു വിശേഷിപ്പിക്കുവാൻ പറ്റിയ ഇടമാണ് ദ്രവ്യപ്പാറ. ഈ പാറയുടെ മുകളിൽ നിന്നുള്ള കാഴ്ചകൾ ഗംഭീരമാണ്. മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മലകളുടെ കാഴ്ചയാണ് ദ്രവ്യപ്പാറ വിനോദസഞ്ചാരികൾക്ക് സമ്മാനിക്കുക. പുഴയുടെ ഭംഗി കൊണ്ടും പച്ചപ്പിന്റെ സമൃദ്ധി കൊണ്ടും മനോഹരമായിരിക്കുന്ന ഇവിടുത്തെ മറ്റൊരു കാഴ്ചയാണ് കണ്ണെത്താദൂരത്തോളം കിടക്കുന്ന റബർതോട്ടങ്ങൾ. റോഡിന്റെ ഇരുവശവും നിറഞ്ഞു നിൽക്കുന്ന തോട്ടങ്ങളും അതിനുള്ളിലെ ചെറിയ വെള്ളച്ചാട്ടങ്ങളും ഒക്കെ അമ്പൂരിയെ മനോഹരമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. സഞ്ചാരികൾക്കും തിരുവനന്തപുരത്തു നിന്നും ഒറ്റ ദിവസത്തെ യാത്രയ്ക്ക് തയ്യാറെടുക്കുന്നവർക്കും ധൈര്യപൂർവ്വം പോകാൻ പറ്റിയ ഇടമാണ് അമ്പൂരി.