ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ആനകള്‍ തമ്മില്‍ മൂന്നുമീറ്റര്‍ അകലം വേണമെന്ന് നിര്‍ദേശിച്ചതെന്ന് ഹൈക്കോടതി. രാജഭരണമല്ല, ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള നിയമവാഴ്ചയാണ് ഇപ്പോഴുള്ളത്. അതുകൊണ്ടു തന്നെ നിയമം പാലിച്ചു മാത്രമേ മുന്നോട്ടു പോകാനാവൂ. ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്നും ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരത്തേ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് വിവിധ ദേവസ്വങ്ങള്‍ കോടതിയിലെത്തിയത്. എഴുന്നള്ളത്തില്‍ ആനകള്‍ തമ്മില്‍ 3 മീറ്റര്‍ അകലം വേണമെന്ന നിബന്ധന പാലിച്ചാല്‍ 15 ആനകളെ എഴുന്നള്ളിക്കുന്ന പതിവ് തുടരാനാവില്ലെന്നു തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രാധികൃതര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ അനിവാര്യമായ മതാചാരങ്ങളാണെങ്കില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യം സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആനകളെ എഴുന്നള്ളിക്കുന്നത് അനിവാര്യമായ മതാചാരമല്ല. ആന എഴുന്നള്ളിപ്പ് തുടങ്ങിയ കാലത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. മുന്‍പുണ്ടായിരുന്നത്ര ആളുകളല്ല ഇപ്പോള്‍ ഉത്സവത്തിന് വരുന്നത്. ആനകള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണമെന്നാണ് സുപ്രീം കോടതി വിധി. ആ നിശ്ചിത പരിധി തങ്ങള്‍ കണക്കാക്കുന്നത് 3 മീറ്ററാണ്. അത് കുറയ്ക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിഗണിക്കാം. അതിനാവശ്യമായ വസ്തുതകള്‍ ഉണ്ടെങ്കില്‍ കൊണ്ടുവരാനും അല്ലാത്ത പക്ഷം മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവു നല്കാന് ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഇത് ഹൈക്കോടതിയുടെ ഉത്തരവല്ല, സുപ്രീം കോടതി ഉത്തരവാണ്. ആ ഉത്തരവ് നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് നല്‍കുന്നത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ജില്ലാ കലക്ടര്‍മാര്‍ക്ക് നിരീക്ഷണച്ചുമതല നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ ദൂരപരിധി പാലിക്കണം. തീവെട്ടികളില്‍ നിന്നും അഞ്ചു മീറ്റര്‍ ദൂരപരിധി ഉറപ്പാക്കണം. ആനകളുടെ എട്ടു മീറ്റര്‍ അകലെ മാത്രമേ ജനങ്ങളെ നിര്‍ത്താവൂ എന്നിവയുള്‍പ്പെടെ ആന എഴുന്നെള്ളിപ്പിന് ഹൈക്കോടതി ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങള്‍ നേരത്തേ നല്‍കിയിരുന്നു.