Kerala

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തെരുവുനായയുടെ ആക്രമണം

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 15 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. രണ്ട് പ്ലാറ്റ്‌ഫോമുകളിലായിട്ടാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.
ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ വന്ന സമയമായിരുന്നു. ട്രെയിന്‍ ഇറങ്ങി വന്നവരുള്‍പ്പടെ ഉള്ളവരുടെ ഇടയിലേക്ക് നായ ഓടി കയറുക ആയിരുന്നു. ആളുകളുടെ പുറകിലൂടെ വന്ന നായ പെട്ടെന്ന് കടിക്കുകയായിരുന്നു . പിന്നാലെ ട്രാക്കില്‍ ഇറങ്ങി അടുത്ത പ്ലാറ്റ്‌ഫോമില്‍ കയറി അവിടെ ഉണ്ടായിരുന്നവരെയും കടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കടിയേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഭീകരത സൃഷ്ടിച്ച പേപ്പട്ടിയെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് പിന്‍തുടര്‍ന്ന് തെരഞ്ഞുപോയപ്പോള്‍ റെയില്‍വെ ക്വാര്‍ട്ടേഴ്സിന് സമീപം ചത്ത നിലയില്‍ കണ്ടെത്തി. കടിയേറ്റവരില്‍ സ്ത്രീകളും പുരുഷന്‍മാരന്‍മാരും ഉള്‍പ്പെടും. ഇതില്‍ ഏഴു പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച്ച രാവിലെ മുതല്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ യാത്രക്കാരെ തെരുവ് നായ അക്രമിച്ചിരുന്നു. വൈകിട്ടാണ് വ്യാപകമായ ഭീകരത അഴിച്ചുവിട്ടത്. റെയില്‍വെ സ്റ്റേഷനില്‍ തെരുവുനായയുടെ ശല്യം അതിരൂക്ഷമാണെന്ന് യാത്രക്കാരനായ രഘൂത്തമന്‍ പറഞ്ഞു. റെയില്‍വെ അധികൃതര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നില്ലെന്നും യാത്രക്കാര്‍ ആരോപിക്കുന്നു. തെരുവുനായ്ക്കള്‍ റെയില്‍വെ സ്റ്റേഷന് അകത്ത് കയറിയാല്‍ ഓടിച്ചു വിടാറുണ്ടെന്നാണ് റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

Tags: Kerala