Ernakulam

സംസ്ഥാനത്തെ മാതൃ-ശിശു മരണ നിരക്ക് 2030 ആവുമ്പോഴേക്കും 20 ൽ താഴെ കൊണ്ടുവരാനാകും : ജെസ്റ്റികോൺ 2024

 

കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജിയും, (കെ. എഫ്. ഒ. ജി) കൊച്ചി ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റിയും (സി. ഒ. ജി. എസ്) സംയുക്തമായി സംഘടിപ്പിച്ച⁠ഒബ്സ്റ്റെട്രിക്സ് കോൺക്ലേവ് ജെസ്റ്റികോൺ 2024 ന് കൊച്ചി ക്രൗൺ പ്ലാസയിൽ സമാപനമായി . വിവിധ രാജ്യങ്ങളിൽ നിന്നായി എഴുനൂറോളം പേർ കോൺക്ലേവിൽ പങ്കെടുത്തു.

ഓരോ ജനനത്തിലും മികവ്, ഓരോ ഘട്ടത്തിലും പുതുമ” എന്നതായിരുന്നു കോൺക്ലേവിന്റെ പ്രമേയം. സിസേറിയൻ ചികിത്സാ നിരക്ക് കുറയ്ക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും, ശസ്ത്രക്രിയ രംഗത്തെ നൂതന കണ്ടുപിടുത്തങ്ങൾ, പ്രവണതകൾ എന്നിവയെ കുറിച്ചും ശിൽപ്പശാല ചർച്ച ചെയ്തു.

കോൺക്ലേവിന്റെ ഉദ്ഘാടനം അന്താരാഷ്ട്ര സംഘടനയായ ഫിഗോയുടെ ട്രഷറർ ഡോ. ശാന്തകുമാരി നിർവഹിച്ചു, ഗൈനക്കോളജി വിദഗ്ദരുടെ ദേശീയ സംഘടനയായ ഫോഗ്സിയുടെ സെക്രട്ടറി ജനറൽ മാധുരി പാട്ടീൽ വിശിഷ്ടാതിഥിയായിരുന്നു. സ്ത്രീക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള ഫോഗ്സിയുടെ “ധീര” പ്രോജെക്ടിനെ കുറിച്ച് മാധുരി പാട്ടീൽ സംസാരിച്ചു.

കെ എഫ് ഒ ജി മുൻ പ്രസിഡൻറും, സീനിയർ ഗൈനക്കോളജിസ്റ്റുമായ ഡോ വി പി പൈലി മാതൃ ശിശു മരണങ്ങളുടെ കാരണങ്ങളും, പരിഹാര മാർഗങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

കെ എഫ് ഒ ജി പ്രസിഡൻ് ഡോ. കെ. യു. കുഞ്ഞുമൊയ്തീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. സുഭാഷ് മല്ല്യ (കോഴിക്കോട്) , ഡോ. ഫെസി ലൂയിസ് എന്നിവർ പ്രസംഗിച്ചു.