ഇന്ത്യയുടെ വികസനത്തിൽ സഹകരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോഓപ്പറേറ്റീവ് സൊസൈറ്റി സഹകരണ സെമിനാർ സംഘടിപ്പിച്ചു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് സെമിനാർ ഉദ്ഘാടനം ചെയ്തു. കാർഷിക സഹകരണ സംഘങ്ങൾ ഉൾപ്പടെയുള്ള സഹകരണ മേഖല രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസന പ്രവർത്തനങ്ങളിൽ നിർണായക പങ്കു വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. സഹകരണ സംഘങ്ങളുടെ ജനാധിപത്യ സ്വഭാവവും സാമൂഹിക സമത്വത്തെക്കുറിച്ചുള്ള പ്രതിബദ്ധതയും സുസ്ഥിര വികസന ലക്ഷ്യ പ്രാപ്തിക്ക് പര്യാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസാഫ് കോ ഓപ്പറേറ്റീവ് ചെയർപേഴ്സൺ സലീന ജോർജ് അധ്യക്ഷത വഹിച്ചു.
ഇസാഫ് കോ ഓപ്പറേറ്റീവ് സിഇഒ ക്രിസ്തുദാസ് കാരയിൽ വിക്ടർ, നാഷണൽ കോ ഓപ്പറേറ്റീവ് ഡെവലെപ്മെന്റ് കോ ഓപ്പറേഷൻ ഡെപ്യുട്ടി ഡയറക്ടർ പ്രദീപ് കുമാർ, കാർഷിക സർവകലാശാല കോളേജ് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ഡീൻ ഡോ. ഉഷ ദേവി, ഇസാഫ് കോ ഓപ്പറേറ്റീവ് വൈസ് ചെയർമാൻ ഡോ. ജേക്കബ് സാമുവേൽ, വൈസ് ചെയർമാൻ ഡേവീസ് ഗ്രീൻമാൾ, ഇൻഫർമേഷൻ ഓഫീസർ ജയരാജ് വി കെ തുടങ്ങിയവർ പ്രസംഗിച്ചു. സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സർവകലാശാല വിദ്യാർത്ഥികൾക്കും ഇസാഫ് കോ ഓപ്പറേറ്റീവ് പ്രവർത്തകർക്കുമായി സംഘടിപ്പിച്ച പ്രബന്ധ മത്സരത്തിൽ വിജയികളായവർക്ക് ഇസാഫ് ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ മെറീന പോൾ സമ്മാനങ്ങൾ നൽകി.