കല്യാണസദ്യകളിൽ കഴിക്കുന്ന ഇഞ്ചിക്കറിക്ക് പ്രത്യേക സ്വാദാണ്. അതേ രുചിയിൽ ഇഞ്ചിക്കറി വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ഇഞ്ചി
തേങ്ങ
എണ്ണ
കറിവേപ്പില
കുരുമുളക്
ജീരകം
മുളകുപൊടി
മഞ്ഞൾപ്പൊടി
കായപ്പൊടി
തയ്യാറാക്കേണ്ട രീതി
ഒരു പിടി അളവിൽ ഇഞ്ചി കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് എടുക്കുക. ശേഷം ഇഞ്ചി ചെറിയ കഷ്ണങ്ങളായി ചീകി എടുക്കുക. ഒരു തേങ്ങ ചിരകിയതും, ചെറിയ കഷ്ണങ്ങളായി തേങ്ങാക്കൊത്തും അരിഞ്ഞെടുത്ത് വെക്കണം. അടുത്തതായി അടി കട്ടിയുള്ള പത്രത്തിൽ എണ്ണയൊഴിച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ചീകി വച്ച ഇഞ്ചി കഷ്ണങ്ങൾ ഇട്ട് വറുത്തു കോരുക. ഇഞ്ചി വറുത്ത് കോരുന്നതിനോടൊപ്പം തന്നെ അല്പം കറിവേപ്പില കൂടി വറുത്ത് കോരാവുന്നതാണ്. ഇതേ രീതിയിൽ ചെറിയ കഷണങ്ങളായി അരിഞ്ഞുവെച്ച തേങ്ങാക്കൊത്തുകൾ കൂടി വറുത്തെടുത്ത് മാറ്റിവയ്ക്കണം. ശേഷം ആവശ്യമുള്ള എണ്ണ മാത്രം ഉരുളിയിൽ വച്ച് അതിലേക്ക് ചിരകിയ തേങ്ങയിട്ട് വറുത്തെടുക്കുക. തേങ്ങ വറുക്കുന്നതിനോടൊപ്പം തന്നെ അല്പം കുരുമുളക്, ജീരകം എന്നിവ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. തേങ്ങ മൂത്ത് വന്നാൽ അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അതേ ഉരുളിയിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും, പച്ചമുളക്, കറിവേപ്പില എന്നിവയും ഇട്ട് ഒന്ന് വഴറ്റിയ ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. നേരത്തെ വറുത്തുവച്ച തേങ്ങയും, ഇഞ്ചിയുടെ കൂട്ടും മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക. തയ്യാറാക്കി വെച്ച അരപ്പു കൂടി ഉള്ളിയോടൊപ്പം ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ശേഷം പുളിവെള്ളവും ആവശ്യത്തിന് ഉപ്പും കറിയിലേക്ക് ചേർത്തു കൊടുക്കാം. അവസാനമായി കായപ്പൊടി കൂടി ചേർക്കാം. ശേഷം വറുത്തുവെച്ച തേങ്ങാക്കൊത്തും കറിവേപ്പിലയും ഇഞ്ചി കറിയിലേക്ക് ചേർത്ത് മിക്സ് ചെയ്തെടുക്കണം.