India

സംഭാലില്‍ പൊട്ടിപ്പുറപ്പെട്ട ആക്രമണം ആസൂത്രിതമെന്ന് പോലീസ്

സംഭാലില്‍ പൊട്ടിപ്പുറപ്പെട്ട അക്രമണം ആസൂത്രിതമെന്ന് പോലീസ്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്ന് ഓഡിയോ ക്ലിപ്പ് അന്വേഷണ സംഘം കണ്ടെടുത്തു. ക്ലിപ്പില്‍, മുഗള്‍ കാലഘട്ടത്തിലെ ഷാഹി ജുമാ മസ്ജിദിന് സമീപം കൂടുതല്‍ ആളുകളെ അണിനിരത്താന്‍ ഒരു അജ്ഞാതന്‍ ആഹ്വാനം ചെയ്യുന്നത് കേള്‍ക്കാം. ഓഡിയോ ക്ലിപ്പില്‍ പള്ളിയില്‍ കോടതി നിര്‍ബന്ധമാക്കിയ സര്‍വേയുടെ പേരില്‍ സംഭാലില്‍ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ കൂടുതല്‍ ആളുകളെ ആയുധങ്ങളുമായി എങ്ങനെ അണിനിരത്തിയെന്ന് വെളിപ്പെടുത്തുന്നു. സംഭാലില്‍ ജനക്കൂട്ടം പോലീസുമായി ഏറ്റുമുട്ടിയ അക്രമം അഞ്ച് പേരുടെ മരണത്തില്‍ കലാശിച്ചു.

വാഹനങ്ങള്‍ കത്തിക്കുകയും 20 ഓളം പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ ആഴ്ച ആദ്യം ഉത്തര്‍പ്രദേശ് പോലീസ് അക്രമത്തില്‍ ഉള്‍പ്പെട്ട പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. പ്രതികളുടെ ചിത്രങ്ങള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുമെന്നും പ്രതികളെ തിരിച്ചറിയാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

‘ സമാന്‍ ലെകര്‍ ആ മസ്ജിദ് കെ പാസ്, മേരേ ഭായ് കാ ഘര്‍ ഹേ (ആയുധങ്ങള്‍ കൊണ്ട് പള്ളിയുടെ അടുത്ത് വരൂ, എന്റെ സഹോദരന്റെ വീട് അടുത്താണ്)’ ആ വ്യക്തി പറയുന്നത് കേള്‍ക്കാം.
സംഭവത്തില്‍ ഇതുവരെ 25 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഏഴ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. സമാജ്വാദി പാര്‍ട്ടി എംപി സിയാ-ഉര്‍-റഹ്മാന്‍ ബര്‍ഖ്, പ്രാദേശിക എംഎല്‍എ ഇഖ്ബാല്‍ മെഹമൂദിന്റെ മകന്‍ സൊഹൈല്‍ ഇഖ്ബാല്‍ എന്നിവരുടെ പേരുകളാണ് എഫ്‌ഐആറില്‍ ഉള്ളത്.

അക്രമത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ബാര്‍ഖ് ഷാഹി ജുമാ മസ്ജിദ് സന്ദര്‍ശിച്ചതായും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതായും പോലീസ് എഫ്‌ഐആറില്‍ ആരോപിച്ചു. ഷാഹി ജുമാ മസ്ജിദില്‍ മുമ്പ് ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന അവകാശവാദത്തെത്തുടര്‍ന്ന് പ്രാദേശിക കോടതി സര്‍വേ നടത്താന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് നഗരത്തില്‍ സംഘര്‍ഷം ആരംഭിച്ചത്. ഞായറാഴ്ച പള്ളിക്ക് സമീപം പ്രതിഷേധക്കാര്‍ ഒത്തുകൂടി സര്‍വേ സംഘത്തെ അനുഗമിച്ച പോലീസുമായി ഏറ്റുമുട്ടിയതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

Tags: national