Kerala

ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥികളെ ഡിസ്ചാര്‍ജ് ചെയ്തു

വിനോദയാത്രയ്ക്കിടയില്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഡിസ്ചാര്‍ജ് ചെയ്തു. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് കോഴിക്കോട് നിന്നെത്തിയ വിദ്യാര്‍ഥികളെ ഡിസ്ചാര്‍ജ് ചെയ്തത്. ഡിസ്ചാര്‍ജ് ആയതിനെ തുടര്‍ന്ന് സംഘം കോഴിക്കോടേക്ക് തിരിച്ചു.

കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കാരുണ്യ തീരം സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നും എറണാകുളത്തേക്കു വിനോദയാത്ര വന്നവരാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ചികിത്സ തേടിയവവരില്‍ കുട്ടികളും അനുഗമിച്ച കെയര്‍ടേക്കര്‍മാരും ഉള്‍പ്പെടെ 85 പേര്‍ വരും. രണ്ടുപേരെ വ്യാഴാഴ്ച രാവിലെയും ബാക്കിയുള്ളവരെ ബുധനാഴ്ചയുമാണ് വിട്ടയച്ചത്. ആകെ 104 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ 65 വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വളന്റിയര്‍മാര്‍ എന്നിവരുള്‍പ്പെടും.

രണ്ടു ബസുകളിലായി കൊച്ചിയിലെത്തിയ സംഘം മറൈന്‍ഡ്രൈവില്‍ എത്തി ബോട്ടില്‍ യാത്ര ചെയ്തിരുന്നു. ഹൈക്കോടതി ഭാഗത്ത് പ്രവര്‍ത്തിക്കുന്ന വില്ലീസ് കിച്ചണില്‍ നിന്നാണ് ഉച്ചഭക്ഷണം ഇടപാട് ചെയ്തത്. ഇത് ബോട്ടിലിരുന്ന് എല്ലാവരും കഴിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിലുണ്ടായിരുന്ന ഒരു കറിയാണ് വിഷബാധയ്ക്ക് കാരണമായത്. സംഭവത്തെതുടര്‍ന്ന് ഹോട്ടല്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് പൂട്ടിച്ചു. ഹൈക്കോടതിക്ക് സമീപം പ്രവര്‍ത്തിക്കുന്ന വില്ലീസ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദ് ചെയ്തതായി ഭക്ഷ സുരക്ഷ ഓഫീസര്‍ പി കെ ജോണ്‍ വിജയകുമാര്‍ പറഞ്ഞു. ഡിഎംഒ ഡോ. ആശാദേവിയുടെ നിര്‍ദേശപ്രകാരമാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തിയത്.

Tags: Kerala