India

സൃഷ്ടി ആത്മഹത്യ ചെയ്യില്ല… ആസൂത്രിത കൊലപാതകമാണ്

സൃഷ്ടി ആത്മഹത്യ ചെയ്യില്ലെന്നും ആസൂത്രിത കൊലപാതകമാണ് നടന്നതെന്നും എയര്‍ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയുടെ കുടുംബം പറയുന്നു. സൃഷ്ടിയെ കാമുകന്‍ ആദിത്യ പരസ്യമായി അപമാനിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തെന്നുമാണ് ആരോപണം. തിങ്കളാഴ്ച പുലര്‍ച്ചെ ആദിത്യയെ വിളിച്ച്, താന്‍ ആത്മഹത്യ ചെയ്യുമെന്നു സൃഷ്ടി പറഞ്ഞിരുന്നു. ഫ്‌ലാറ്റിന്റെ വാതില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് ഒരാളെ വിളിച്ച് ആദിത്യ വാതില്‍ തുറന്നു. അപ്പോഴാണു സൃഷ്ടിയെ ഡേറ്റാ കേബിള്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൃഷ്ടിക്കു നീതി കിട്ടാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിക്കുമെന്ന് സൃഷ്ടിയുടെ അമ്മാവന്‍ വിവേക് തുലി പറഞ്ഞു.

”സൃഷ്ടി ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല. അത് ആസൂത്രിത കൊലപാതകമാണ്. അവള്‍ ശക്തയായിരുന്നു. അങ്ങനെയല്ലെങ്കില്‍ അവള്‍ പൈലറ്റ് ആകുമായിരുന്നില്ല. ആദിത്യയെ ഞങ്ങള്‍ക്കറിയാമായിരുന്നു. അവള്‍ക്കൊപ്പം പരിശീലനം ആരംഭിച്ചെങ്കിലും അവന് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ആദിത്യക്ക് സൃഷ്ടിയോട് അസൂയയായിരുന്നു. സൃഷ്ടിയുടെ ഒരു മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചു. ദീപാവലിക്ക് ഏകദേശം 65,000 രൂപ അവന്റെ കുടുംബാംഗങ്ങള്‍ക്ക് അവള്‍ കൈമാറിയിട്ടുണ്ട്. അവന്‍ അവളെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്ന് ബോധ്യമായി.

ബാങ്കിനോട് ഒരു വര്‍ഷത്തെ സ്റ്റേറ്റ്മെന്റ് ചോദിച്ചിട്ടുണ്ട്. പണം നല്‍കാന്‍ സൃഷ്ടി വിസമ്മതിച്ചതാകാം മരണത്തിനു കാരണം. മരിക്കുന്നതിനു 15 മിനിറ്റ് മുന്‍പ് സൃഷ്ടി അമ്മയോടും അമ്മായിയോടും സന്തോഷത്തോടെ സംസാരിച്ചിരുന്നു. അവള്‍ നേരിട്ടിരുന്ന പീഡനങ്ങളൊന്നും വീട്ടുകാരോടു പറഞ്ഞിരുന്നില്ല. ചില കാര്യങ്ങള്‍ സഹോദരിയോടു സൂചിപ്പിച്ചിരുന്നു. സൃഷ്ടി എത്രത്തോളം ബുദ്ധിമുട്ട് സഹിച്ചിരുന്നുവെന്നു ഞങ്ങളോടു പറഞ്ഞത് അവളുടെ സുഹൃത്തുക്കളാണ്” വിവേക് തുലി പറഞ്ഞു.

”സൃഷ്ടിയുടെ മരണത്തില്‍ മറ്റൊരു വനിതാ പൈലറ്റിനും പങ്കുണ്ട്. സംഭവസമയത്ത് അവിടെ മറ്റൊരു വനിതാ പൈലറ്റുണ്ടായിരുന്നെന്ന് ഞങ്ങള്‍ മനസ്സിലാക്കി. അവളാണ് ഫ്‌ലാറ്റ് തുറക്കാന്‍ താക്കോല്‍ നിര്‍മിക്കുന്നയാളെ വിളിച്ചത്. ആദിത്യ വാതില്‍ തുറന്ന് സൃഷ്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാള്‍ മരിച്ചുകിടക്കുന്ന ഫ്‌ലാറ്റിന്റെ വാതില്‍ പൊലീസുകാരെ വിളിക്കാതെ ആരെങ്കിലും തുറക്കുമോ? ഇവര്‍ പരിശീലനം ലഭിച്ച പൈലറ്റുമാരാണ്.

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കരുതെന്ന് ആവശ്യപ്പെട്ട് ആദിത്യ സൃഷ്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. അവളെ പരസ്യമായി അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. നടുറോഡില്‍ കാറില്‍ നിന്ന് ഇറക്കിവിട്ടിട്ടുണ്ട്. അടുത്തിടെ സഹോദരിയുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കുണ്ടായി.”- വിവേക് തുലി പറഞ്ഞു.

Tags: national