Physical education teacher arrested for showing pornographic videos to female students and harassing them
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ച കേസില്‍ കായിക അധ്യാപകന്‍ അറസ്റ്റില്‍. പഞ്ചാബിലെ മൊഹാലിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ 35 കാരനായ കായികാധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രക്ഷിതാക്കളും സ്‌കൂള്‍ മാനേജ്മെന്റും അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് അധ്യാപികനെ വ്യാഴാഴ്ച സ്‌കൂളില്‍ നിന്നും പിടികൂടി.
ഇരകളായ കുട്ടികള്‍ സംഭവത്തെക്കുറിച്ച് രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് വിഷയം പുറത്തായത്. ‘സ്പോര്‍ട്സ് ടീച്ചര്‍ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ വളപ്പിലെ ബേസ്മെന്റിലേക്ക് വിളിച്ചുവരുത്തി മോശമായി സ്പര്‍ശിച്ചെന്നും തന്റെ ക്ലാസിലെ വിദ്യാര്‍ത്ഥികളെ ബ്ലാക്ക്മെയില്‍ ചെയ്തതെന്നും എന്റെ മകള്‍ വെളിപ്പെടുത്തി. ഇയാള്‍ കുട്ടികളോട് തന്നെ ചുംബിക്കാന്‍ പോലും ആവശ്യപ്പെട്ടു. കുട്ടികളോട് അശ്ലീല വീഡിയോകള്‍ കാണിക്കുകയും ചെയ്തു.ഇതൊക്കെ അവരെ മാനസികമായി തകര്‍ത്തു’ ഒരു പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
പോക്സോ നിയമത്തിലെയും ഭാരതീയ ന്യായ് സന്‍ഹിതയിലെയും വിവിധ വകുപ്പുകള്‍ പ്രകാരവും അമന്‍പ്രീത് സിംഗിനെ അറസ്റ്റ് ചെയ്തു. മൊഹാലിയിലെ മനൗലി ഗ്രാമത്തില്‍ നിന്നുള്ളയാളാണ് സിംഗ് എന്ന് പോലീസ് പറഞ്ഞു. അതേസമയം, അധ്യാപന്റെ സേവനം അവസാനിപ്പിച്ചതായും നിയമം അതിന്റെ വഴിക്ക് പോകുകയാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. അത്തരം കാര്യങ്ങളില്‍ സ്ഥാപനം സീറോ ടോളറന്‍സ് പിന്തുടരുന്നുവെന്നും ഊന്നിപ്പറഞ്ഞു.
എന്നിരുന്നാലും, കുറ്റാരോപിതനായ അധ്യാപകനെ സംരക്ഷിക്കാന്‍ സ്‌കൂള്‍ ശ്രമിക്കുകയാണെന്നും മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ സ്‌കൂളിന്റെ പേര് എടുക്കരുതെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രക്ഷിതാക്കള്‍ അവകാശപ്പെട്ടു. ‘സ്‌കൂള്‍ ഇക്കാര്യം ഗൗരവമായി എടുക്കുന്നില്ല. സ്‌കൂളിന്റെ പേര് എടുക്കരുതെന്ന് പ്രിന്‍സിപ്പല്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. രക്ഷിതാക്കള്‍ സ്‌കൂള്‍ പരിസരത്ത് തടിച്ചുകൂടി അധികാരികളെ സമ്മര്‍ദ്ദത്തിലാക്കിയതിന് ശേഷമാണ് സ്‌കൂള്‍ കുറ്റാരോപിതനായ അധ്യാപകനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്,’ രക്ഷിതാക്കളില്‍ ഒരാള്‍ പറഞ്ഞു.