തമിഴ്നാട്ടിലെ നീലഗിരിയില്‍ കാട്ടുപന്നിയ്ക്ക് വെച്ച കെണിയില്‍ കടുവ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. മൂന്ന് വയസുള്ള ആണ്‍കടുവയാണ് കെണിയില്‍ കുടുങ്ങി ചത്തത്. നീലഗിരി ജില്ലയിലെ ഗൂഡല്ലൂരില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടുപന്നികളെ വേട്ടയാടാന്‍ സാധാരണയായി ഉപയോഗിക്കുന്നതാണ് കെണി. കഴുത്തില്‍ മുറിവേറ്റ നിലയില്‍ കെണിയിലാണ് കടുവയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പട്രോളിംഗ് വര്‍ദ്ധിപ്പിക്കാനും കെണികള്‍ കണ്ടെത്താനും നീക്കം ചെയ്യാനും സ്നിഫര്‍ നായ്ക്കളെ വിന്യസിക്കാനും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.
ഗൂഡല്ലൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍ വെങ്കിടേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ക്ലച്ച് കേബിളുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അനധികൃത കെണിയാണ് ഇതെന്ന് തിരിച്ചറിഞ്ഞു. റിസര്‍വ് ഫോറസ്റ്റ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള തട്ടക്കൊല്ലിയില് സ്ഥിതി ചെയ്യുന്ന കെണിക്ക് സമീപമുള്ള സ്ഥലത്തും മാലിന്യങ്ങളും ഒഴിഞ്ഞ മദ്യക്കുപ്പികളും നിറഞ്ഞിരിക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്നു.
കടുവയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചു. കാട്ടുപന്നികളെ പിടിക്കാന്‍ കെണി ഉപയോഗിക്കുന്നതില്‍ പേരുകേട്ട മണികണ്ഠന്, മാരിമുത്തു, വേടന് എന്നീ മൂന്ന് പ്രതികളെയാണ് അന്വേഷണത്തില്‍ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍, കാട്ടുപന്നികളെ പിടിക്കാന്‍ കെണി സ്ഥാപിച്ചതായി പ്രതികള്‍ സമ്മതിച്ചു. എന്നാല്‍ പന്നികളുടെ ഗന്ധത്തില്‍ എത്തിയ കടുവ പ്രദേശത്ത് അലഞ്ഞുതിരിയുകയും കെണിയില്‍ അകപ്പെടുകയുമായിരുന്നു.