Kerala

ആനയില്ലെങ്കില്‍ ആചാരം മുടങ്ങുമോ?

ക്ഷേത്രത്തില്‍ ആന എഴുന്നള്ളത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തിരുത്തില്ലെന്ന കടുത്ത നിലപാടിലാണ് ഹൈക്കോടതി. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചേ മതിയാകൂവെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.ആനയില്ലെങ്കില്‍ ആചാരം മുടങ്ങുമോയെന്നും 15 ആനകളെ എഴുന്നള്ളിക്കണമെന്ന നിബന്ധന ഏത് ആചാരത്തിന്റെ ഭാഗമാണെന്നും കോടതി ചോദിച്ചു.

ആനകള്‍ പരസ്പരം സ്പര്‍ശിച്ച് നില്‍ക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. രണ്ട് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ പരിധിയെന്ന മാനദണ്ഡത്തില്‍ ഒരിളവും അനുവദിക്കില്ലെന്നും കോടതി നിലപാടെടുത്തു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്നും കോടതി ആവര്‍ത്തിച്ചു. ആന എഴുന്നള്ളിപ്പ് ക്ഷേത്രം ആചാരത്തിന്റെ ഭാഗമല്ലെന്നും ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും ഹൈക്കോടതി വ്യക്തമാക്കി. മാനദണ്ഡത്തില്‍ ഇളവ് തേടി കോടതിയെ സമീപിച്ച തൃപ്പൂണിത്തറ ക്ഷേത്രം ഭാരവാഹികളുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.

ആകെ ആനകളുടെ 35 ശതമാനവും ഇല്ലാതായി. കുട്ടികളെപ്പോലെ സംരക്ഷിക്കേണ്ട ജീവി വര്‍ഗ്ഗമാണ് ആനകള്‍. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആനകള്‍ ഇല്ലാതാകും. ഉത്സവത്തിനെത്തുന്ന ആളുകളുടെ സുരക്ഷിതത്വം കൂടി പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആനപ്രേമികളെ പരിഹസിച്ച ഹൈക്കോടതി ചങ്ങലയില്‍ ബന്ധിക്കപ്പെട്ട ആനകളെ കണ്ടാണോ ആസ്വദിക്കുന്നതെന്നും ചോദിച്ചു.

ദൂരപരിധി പാലിച്ചാല്‍ ഒമ്പത് ആനളെ മാത്രമെ എഴുന്നള്ളിക്കാനാകൂവെന്ന് പൂര്‍ണ്ണത്രയീശക്ഷേത്ര ഭാരവാഹികള്‍ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കില്‍ ഒമ്പത് ആനകളുടെ എഴുന്നള്ളത്തുമായി മുന്നോട്ടു പോയിക്കൂടെയെന്നായിരുന്നു കോടതിയുടെ ചോദ്യം. 15 ആനകളെ എഴുന്നളളിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് ഏത് ആചാരത്തിന്റെ ഭാഗമെന്ന് കോടതി ചോദിച്ചു.

മതിയായ സ്ഥലമുണ്ടെങ്കിലേ എല്ലാ ആനകളെയും എഴുന്നള്ളിക്കാനാവൂ. തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ 22 മീറ്ററിനുള്ളില്‍ എത്ര ആനകളെ അണിനിരത്താനാകുമെന്നും കോടതി ചോദിച്ചു. അപകടം സംഭവിക്കാതിരിക്കുന്നതിന് ദൈവത്തിന് നന്ദി പറയണം. നിശ്ചിത അകല പരിധി ഗൈഡ് ലൈന്‍ പുറപ്പെടുവിച്ചത് ആളുകളുടെ സുരക്ഷ കൂടി നോക്കിയാണ്. മൂന്നുമീറ്റര്‍ അകലം ആനകള്‍ തമ്മില്‍ വേണമെന്നാണ് വ്യവസ്ഥ. ഇത് മാറ്റേണ്ട പ്രത്യേക സാഹചര്യം എന്തെന്നും കോടതി ചോദിച്ചു.

ഹൈക്കോടതി കൊണ്ടുവന്ന മാനദണ്ഡത്തിനെതിരേ വിവധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം സമീപിച്ച അധികൃതരോട് ഇത് രാജഭരണ കാലമല്ലെന്നായിരുന്നു കോടതി പറഞ്ഞത്. രാജഭരണകാലത്ത് നിലനിന്നിരുന്നു എന്നതിന്റെ പേരില്‍ ഇപ്പോഴും തുടരണമെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും ഇത് ജനാധിപത്യകാലമാണെന്നും കോടതി പറഞ്ഞിരുന്നു.

Tags: Kerala