പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച സുന്ദരമായ ഇടങ്ങൾ നിരവധിയുള്ള ഒരു ജില്ലയാണ് ഇടുക്കി. എത്ര കണ്ടാലും ആസ്വദിച്ചാലും ഇടുക്കിയിലെ കാഴ്ചകൾ മതിവരില്ല. അത്തരത്തിൽ ഇടുക്കിയിലെ സുന്ദരമായ ഒരു സ്ഥലാണ് പാണ്ടിക്കുഴി വ്യൂ പോയിന്റ്. തേക്കടിയിൽ നിന്നും വളരെ അടുത്താണ് ഇവിടം. എന്നാൽ തേക്കടിയുടെ ഭംഗി ആസ്വദിക്കാൻ എത്തുന്ന പല സഞ്ചാരികൾക്കും ഇവിടേക്ക് എത്താൻ കഴിയാറുമില്ല. പാണ്ടിക്കുഴിയെക്കുറിച്ച് അറിയാത്തത് തന്നെയാണ് കാരണം. കേരളാ-തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് ആരെയും ആകർഷിക്കുന്ന പാണ്ടിക്കുഴി ഗ്രാമം സ്ഥിതി ചെയ്യുന്നത്. കിടിലൻ കാഴ്ചകളും വ്യൂ പോയിന്റും വെള്ളച്ചാട്ടവും ഒക്കെയായി മനംകുളിർപ്പിക്കുന്ന കാഴ്ചകളുണ്ട് പാണ്ടിക്കുഴിയിൽ. ഇവിടെ നിന്ന് ഏറ്റവുമടുത്തു കാണുന്ന കാഴ്ചകൾ തമിഴ്നാടിന്റേതാണ്. ഒരു ചിത്രകാരൻ ഭാവനയിൽ കണ്ടുവരച്ച മനോഹരമായ മലമുകളിൽ നിന്നുള്ള കാഴച്കളാണ് ഇവിടെയുള്ളത്. റോഡരികിലെ ആയിരമടിയോളം താഴ്ചയുള്ള കൊക്ക യാത്രയെ നമ്മെ കൂടുതൽ ഭയപ്പെടുത്തും. അതുകൊണ്ടുതന്നെ ട്രെക്കിങ്ങ് പ്രിയരെ ഏറെ അകർഷിക്കുന്ന സ്ഥലമാണ് ഇത്. അടിവാരത്തിലെ കാഴ്ചകളും മലമുകളിലെ അനുഭവങ്ങളും ഒക്കെയായി എന്നും ഓർമ്മയിൽ വയ്ക്കുവാൻ കഴിയുന്ന ഒന്നായിരിക്കും ഇവിടെ നടത്തുന്ന ട്രക്കിങ്ങ് എന്നതിൽ സംശയമില്ല. സഞ്ചാരികൾ ഒരുപാടൊന്നും എത്തിയിട്ടില്ലെങ്കിലും ഒരിക്കൽ വന്നുപോയാൽ പിന്നെയും പിന്നെയും വരാൻ മനസ് പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു ഇടമാണ് പാണ്ടിക്കുഴി. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചവിരിച്ച അടിവാരവും മലമുകളിലെ കുളിരുന്ന കാറ്റും പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയും കുളിർമയും മനസിന് നൽകും. പാണ്ടിക്കുഴിയിലെ കാഴ്ചകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇവിടുത്തെ വെള്ളച്ചാട്ടം. 1200 അടി മുകളിൽ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം ഇവിടെ എത്തുന്ന സഞ്ചാരികളുടെ ഇഷ്ട ഇടവും കൂടിയാണ്.
ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ടയിടം കൂടിയാണ് ഇവിടം. കണ്ട് കാഴ്ചകള് ഭംഗി ചോരാതെ ക്യാമറയിൽ പകർത്താൻ പറ്റിയ ഒരിടമാണിത്. . എത്ര പകർത്തിയാലും തീരാത്ത അത്ര കാഴ്ചകൾ ഇവിടെയുണ്ട്. മലമുകളിൽ നിന്നുള്ള പ്രകൃതി ദൃശ്യങ്ങളാണ് ഏറ്റവും ആകർഷകമായത്. അതിമനോഹരമായ ഈ നാടിന്റെ ഭൂപ്രകൃതി ഫ്രെയിമിലാക്കുകയാണ് ഇവിടെ എത്തുന്ന ഫോട്ടോഗ്രാഫർമാരുടെ ലക്ഷ്യം. ഇടുക്കിയിൽ അവധി ദിവസങ്ങൾ ചിലവഴിക്കുവാൻ താല്പര്യമുണ്ടെങ്കിൽ കണ്ടുമടുത്ത തേക്കടി കാഴ്ചകൾക്ക് ബായ് പറഞ്ഞ് പാണ്ടിക്കുഴിയിലേക്ക് പോകാം.