Kerala

നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായത് കുടുംബത്തിന്റെ പിഴവല്ല… കുട്ടിയുടെ തുടര്‍ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണം

നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ ഡോക്ടര്‍മാരുടെ നിരുത്തരവാദപരമായ നടപടി കൊണ്ട് ഒരു പാവപ്പെട്ട കുടുംബത്തിന്റെ സ്വപ്നങ്ങളാണ് തകര്‍ക്കപ്പെട്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കുട്ടിയുടെ തുടര്‍ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കുട്ടിയുടെ വായും കണ്ണും തുറക്കാനാകുന്നില്ല, ജനനേന്ദ്രിയത്തിന് തകരാറുണ്ട്, കഴുത്ത് നേരെ പിടിക്കാന്‍ പോലും പറ്റുന്നില്ല. ഈ കുട്ടിയുടെ ചികിത്സ ആ കുടുംബത്തിന് എങ്ങനെ താങ്ങാനാകും? എന്നും കെസി വേണുഗോപാല്‍ ചോദിച്ചു.

നിരന്തരമായി ധാരാളം ചികിത്സാപ്പിഴവുകള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. പതിവ് അന്വേഷണ രീതി മാറ്റി ഗൗരവതരമായ അന്വേഷണം ഇക്കാര്യത്തിലുണ്ടാകണം. ഇത്തരം കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായത് കുടുംബത്തിന്റെ പിഴവല്ല. രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയാണ് അവര്‍ തേടിയത്. പതിവായി ഡോക്ടര്‍മാരെയും കുടുംബം കണ്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിദാരുണവും ഞെട്ടിക്കുന്നതുമായ സംഭവമാണ് ആലപ്പുഴയില്‍ ഉണ്ടായത്. ഗര്‍ഭകാലത്ത് പലതവണ സ്‌കാന്‍ ചെയ്തിട്ടും ഡോക്ടര്‍മാര്‍ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നത്. കുഞ്ഞിന് യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയിരുന്നതായും കുട്ടിയുടെ പിതാവ് വ്യക്തമാക്കി. അതേസമയം സ്‌കാനിങ്ങുകാര്‍ ഡോക്ടര്‍മാരെയും അവര്‍ തിരിച്ചും കുറ്റപ്പെടുത്തി കൈയൊഴിയുകയാണെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു.

സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് കേസെടുത്തത്.

അതേസമയം നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ വകുപ്പ് അഡിഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.

സംഭവത്തില്‍ ജില്ലാതലത്തിലുള്ള അന്വേഷണം ആരംഭിച്ചു. സ്‌കാനിങ് സെന്ററിനെപ്പറ്റിയും അന്വേഷണം നടത്തുന്നതാണ്. അന്വേഷണങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags: Kerala