Kerala

മന്ത്രി സജി ചെറിയാനെതിരായ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന്

പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ നടന്ന ഒരു പൊതുചടങ്ങിനിടെ ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന മന്ത്രി സജി ചെറിയാനെതിരായ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിറക്കിയത്. സംഭവം വലിയ വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. പിന്നീട് കുറ്റവിമുക്തനായതോടെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസ് കൈമാറാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിക്കൊണ്ടു ഡിജിപി ഉത്തരവിറിക്കിയിരിക്കുന്നത്.

സജി ചെറിയാനെതിരേ കുറ്റം നിലനില്‍ക്കില്ലെന്ന പോലീസ് റിപ്പോര്‍ട്ടും ഈ റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് റിപ്പോര്‍ട്ടും തള്ളിക്കൊണ്ടാണ് തുടരന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്.
സംസ്ഥാന പോലീസ് മേധാവി ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.അന്വേഷണ സംഘത്തെ ക്രൈം ബ്രാഞ്ചാണ് തീരുമാനിക്കുക.

കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വലിയ പാളിച്ചകളാണ് സംഭവിച്ചിട്ടുള്ളത്. കൃത്യമായ മൊഴി രേഖപ്പെടുത്തുകയോ ആവശ്യമായ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്തില്ല. വേദിയില്‍ ഉണ്ടായിരുന്നവരുടെ മൊഴികള്‍ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Tags: Kerala