Kerala

പത്തൊമ്പതുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് പതിനാറ് വര്‍ഷം കഠിന തടവും 110000 രൂപ പിഴയും

പത്തൊമ്പതുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് പതിനാറ് വര്‍ഷം കഠിന തടവും 110000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 2015 ഡിസംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം. കാളികാവ് കെഎകെ പടി കുന്നുമ്മല്‍ അബ്ദുല്‍ ഖാദര്‍ (57) നെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മന്ത്ര ചികിത്സയ്ക്കെന്ന് പറഞ്ഞ് കുട്ടിയെ തടഞ്ഞുവെച്ചു. പിന്നീട് ഏതോ ഒരു വസ്തു മണപ്പിച്ച് മയക്കി പിന്നീട് പീഡനത്തിനിരയാക്കുകയായിരുന്നു. അതിക്രമത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയായി.

2023ല്‍ കേസ് പുനരന്വേഷണം നടത്തി അതിജീവിതയ്ക്ക് ജനിച്ച കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തുകയുണ്ടായി. പിതൃത്വ നിര്‍ണയത്തില്‍ അബ്ദുല്‍ ഖാദറാണെന്ന് തെളിയുകയും അന്വേഷണം പൂര്‍ത്തിയാക്കുകയും ചെയ്തു. നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെപി ജോയ് ആണ് വിചാരണ നടത്തി ശിക്ഷ വിധിച്ചത്.

നിലമ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന ടി സജീവന്‍ ആണ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. നിലമ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന പി വിഷ്ണു ആണ് അന്വേഷണം പൂര്‍ത്തീകരിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ ഫ്രാന്‍സിസ് ഹാജരായി.

പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പിസി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതി പിഴ അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നല്‍കുന്നതാണ്. അതിജീവിതയ്ക്കു നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags: Kerala