ആലപ്പുഴയില്‍ ഒന്നര വയസ്സുള്ള മകളുമായി യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. വഴിച്ചേരി വൈക്കത്തുപറമ്പ് വീട്ടില്‍ ഔസേപ്പ് ദേവസ്യ (അനീഷ് -37), മകള്‍ ഏദ്ന എന്നിവരാണ് മരിച്ചത്. കുടുംബ കലഹത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം.
മാളികമുക്കിന് വടക്ക് ലെറ്റര്‍ലാന്‍ഡ് സ്കൂളിന് സമീപം രാത്രി 7.40 നോടെ ആയിരുന്നു സംഭവം. മാളികമുക്കില്‍ ഭാര്യ കാഞ്ഞിരംചിറ കുരിശിങ്കല്‍ സ്നേഹ റെയ്നോള്‍ഡിന്റെ വീട്ടില്‍ വന്നതാണ് അനീഷ്. പിന്നീട് അനീഷും ഭാര്യയുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ക്ഷുഭിതനായ അനീഷ് കുഞ്ഞിനെയും കൊണ്ട് എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നു.
അനീഷ് തല്‍ക്ഷണം മരിച്ചു. തെറിച്ചു വീണ കുഞ്ഞിനെ ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കേറ്ററിങ് നടത്തുന്ന അനീഷ് കുറെക്കാലം ഗള്‍ഫില്‍ ജോലി ചെയ്തു. സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയായ സ്നേഹയുമായി പ്രണയ വിവാഹമായിരുന്നു. മൂത്ത മകന്: ഏദന്‍. മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.