Kerala

ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി സ്വര്‍ണം തട്ടിയ കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആര്?

പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വര്‍ണം തട്ടിയ കേസില്‍ അറസ്റ്റിലായ അര്‍ജുനെ കുറിച്ച് കൂടുല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ബാല ഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണ് ഈ അര്‍ജുനും. പെരിന്തല്‍മണ്ണയില്‍ സ്വര്‍ണം തട്ടിയ സംഘത്തെ ചെറുപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറില്‍ കൂട്ടിക്കൊണ്ടുപോയത് അര്‍ജുനാണ്.

2018 സെപ്റ്റംബര്‍ 25നായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം അപകടത്തില്‍പ്പെട്ടത്. ചികിത്സയിലിരിക്കെ ഒക്ടോബര്‍ രണ്ടാം തീയതി ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും മരിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവറായിരുന്ന അര്‍ജുനും പരിക്കേറ്റിരുന്നു. അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്‍ജുനായിരുന്നു. അര്‍ജുന് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്നേആരോപണം ഉയര്‍ന്നിരുന്നു.

എന്നാല്‍ വയലിനിസ്റ്റിന്റെ ദുരൂഹ മരണത്തിലെ ചുരുളഴിക്കാന്‍ അര്‍ജ്ജുനെ ചോദ്യം ചെയ്യേണ്ടത് സിബിഐയാണ്. ബാലഭാസ്‌ക്കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായോ അതിന്റെ ഭാഗമായുള്ള ഗൂഢാലോചനയുമായോ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വിശദമായി അന്വേഷിക്കാന്‍ സിബിഐ സംഘത്തെ നിയോഗിച്ചിരുന്നു. ബാലുവിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു ഉത്തരവ് നേടിയതോടെയാണ് സിബിഐ ഈ വിഷയം അന്വേഷിക്കുന്നത്. ബാലുവിന്റെ ഡ്രൈവര്‍ക്ക് സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ അര്‍ജ്ജുനെ ചോദ്യം ചെയ്യേണ്ടത് സിബിഐയാണ്.

ബാലഭാസ്‌കറിന്റെ അപകടമുണ്ടായ സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന പാട്ടുരക്കല്‍ സ്വദേശി കുറിയേടത്ത് മനയില്‍ അര്‍ജുന്‍ ആണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. അര്‍ജുന് തലയ്ക്ക് പരിക്കേറ്റത് മുന്‍ സീറ്റില്‍ ഇരുന്നതിനാലാണെന്നായിരുന്നു ഫോറന്‍സിക് പരിശോധനാ ഫലം. ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ മധ്യഭാഗത്തായിരുന്നു ഇരുന്നതെന്നും വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മാത്രമായിരുന്നുവെന്നും ഫോറന്‍സിക് അന്വേഷണത്തില്‍ കണ്ടെത്തി.

അപകടമുണ്ടായപ്പോള്‍ കാര്‍ അമിത വേഗതയിലായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ താന്‍ അല്ല വാഹനം ഓടിച്ചതെന്ന് കോടതിയില്‍ മൊഴി മാറ്റുകയായിരുന്നു. അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് അപകടം അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴിയും അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ്. എന്നാല്‍ പിന്‍സീറ്റിലാണ് താനിരുന്നതെന്നാണ് അര്‍ജുന്റെ വാദം.

അര്‍ജുന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈംസ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍ കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹര്‍ജി നല്‍കിയതും. ബാലഭാസ്‌കറാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത്. ബാലഭാസ്‌കറിന്റെ അലക്ഷ്യമായ ഡ്രൈവിങാണ് അപകടകാരണമെന്ന് അര്‍ജുന്‍ ട്രിബ്യൂണലിനെ അറിയിച്ചത്. ഇതും ദുരൂഹതകള്‍ ഉയര്‍ത്തുന്നതായിരുന്നു

 

Tags: Kerala