Kerala

മുനമ്പം ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് സര്‍ക്കാര്‍

മുനമ്പത്തെ വഖഫ് ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ്. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി സി എന്‍ രാമചന്ദ്രന്‍ നായരെയാണ് അന്വേഷണ കമ്മീഷനായി നിയമിച്ചിരിക്കുന്നത്. ‘വിഞ്ജാപനം പുറപ്പെടുവിച്ച് മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ അഭിപ്രായത്തില്‍, അന്വേഷണത്തിന്റെ സ്വഭാവം കണക്കിലെടുത്തും കേസിന്റെ സാഹചര്യങ്ങള്‍ കണക്കിലെടുത്തും 1952ലെ കമ്മീഷന്‍സ് ഓഫ് ഇന്‍ക്വയറി ആക്ടിലെ അഞ്ചാം വകുപ്പിന്റെ (2), (3), (4), (5) എന്നീ ഉപവകുപ്പുകള്‍ പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും ഈ കമ്മീഷന് ബാധകമാക്കേണ്ടതും അതിനാല്‍ പ്രസ്തുത വകുപ്പിലെ (1)ാം ഉപവകുപ്പ് പ്രകാരം മുന്‍ സൂചിപ്പിച്ച എല്ലാ വ്യവസ്ഥകളും ഈ കമ്മീഷനും ബാധകമായിരിക്കുമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നുവെന്നും’ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിലെ അന്നത്തെ വടക്കേക്കര വില്ലേജിലെ പഴയ സര്‍വേ നമ്പര്‍ 18/1ല്‍ ഉള്‍പ്പെട്ട വസ്തുവിന്റെ കിടപ്പ്, സ്വഭാവം വ്യാപ്തി എന്നിവ തിരിച്ചറിയുക. പ്രസ്തുത ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യുക എന്നതാണ് ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍.

മുനമ്പം ഭൂമി പ്രശ്നത്തില്‍ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിതല യോഗമാണ് നേരത്തെ തീരുമാനിച്ചത്. ഭൂമിയുടെ രേഖകള്‍ കമ്മീഷന്‍ പരിശോധിക്കും. മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്നും മുനമ്പത്തെ താമസക്കാര്‍ക്ക് ആശങ്ക വേണ്ടെന്നും യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. മൂന്ന് മാസത്തിനകം വിഷയം വ്യക്തമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വിധത്തിലാണ് കമ്മീഷനെ നിയോഗിക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അത് വരെ താമസക്കാര്‍ക്ക് വഖഫ് നോട്ടീസുകള്‍ അയക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

2019ല്‍ ഫറൂഖ് കോളേജ് മാനേജ്‌മെന്റ് വില്‍പ്പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വഖഫ് രജിസ്റ്ററില്‍ ചേര്‍ത്തിയിരുന്നു. സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ തീരുമാനങ്ങളെ ചോദ്യം ചെയ്താണ് ഫറൂഖ് കോളേജ് മാനേജ്‌മെന്റ് കമ്മറ്റി വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഭൂമി കരമടക്കാന്‍ രീതിയിലേക്ക് കൊണ്ടുവരണമെന്നാണ് മുനമ്പത്തെ പ്രതിഷേധക്കാരൂടെ ആവശ്യം.

Tags: Kerala