ബിസിനസ് കോച്ചിംഗിലും, അഡ്വൈസറി സേവനങ്ങളിലും പ്രശസ്തമായ ദി ആൾട്ടർനേറ്റീവ് ബോർഡ് (ടാബ്) സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു.
നൂറിലധികം എസ്എംഇ, സ്റ്റാർട്ടപ്പ് സംരഭകർ കൊച്ചിയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. കെഎസ്ഐഡിസി ചെയർമാൻ സി. ബാലഗോപാൽ മുഖ്യ പ്രഭാഷണം നടത്തി.
അമേരിക്കയിലെ ഡെൻവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാബ് മൂന്ന് പതിറ്റാണ്ടിലേറെയായി 25 ലേറെ രാജ്യങ്ങളിൽ ബിസിനസ് കോച്ചിംഗ് രംഗത്ത് സേവനങ്ങൾ നല്കുന്നുണ്ട്. ആഗോളതലത്തിൽ ആയിരത്തി ഒരുനൂറോളം വ്യത്യസ്ത ബിസിനസുകളുമായി ബന്ധപ്പെട്ട് ടാബ് പ്രവർത്തിക്കുന്നു.
സംരംഭകർക്ക് വൺ -ഓൺ-വൺ കോച്ചിംഗ് സെഷനുകൾ, മറ്റ് സംരംഭകർ ഉൾപ്പെടുന്ന പ്രതിമാസ പിയർ ബോർഡ് ഉപദേശക യോഗങ്ങൾ, ബിസിനസ് ബ്ലൂപ്രിന്റ്, ആഗോള നെറ്റ് വർക്കിങ് അവസരങ്ങൾ, പരിചയസമ്പന്നരായ സംരംഭകരിൽ നിന്നുള്ള ഒബ്ജക്ടീവ് ഫീഡ്ബാക്ക് എന്നിങ്ങനെ അനവധി സേവനങ്ങൾ ടാബ് നല്കുന്നു.
വളരെയേറെ പ്രതീക്ഷയോടെയാണ് ടാബ് കേരളത്തിൽ പ്രവർത്തനം തുടങ്ങുന്നതെന്ന് സ്ഥാപനത്തിന്റെ ദക്ഷിണേന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വി. ജി. സോമശേഖർ പറഞ്ഞു.
“എറണാകുളത്തും അയൽ ജില്ലകളിലുമുള്ള എസ്എംഇ, സ്റ്റാർട്ട് അപ്പ് ഉടമകൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള തന്ത്രപരമായ പിന്തുണ നൽകുന്നതിലാണ് ഞങ്ങൾ മുഖ്യമായും ശ്രദ്ധ പതിപ്പിക്കുന്നത്” ടാബ് കൊച്ചിക്ക് നേതൃത്വം നൽകുന്ന ജയദേവ് മേനോൻ പറഞ്ഞു.