മുതിര ധാരാളം കഴിച്ചാൽ കുതിരയെപ്പോലെ ശക്തികിട്ടുമെന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ടാകുമല്ലേ. എന്നാൽ തമാശയല്ല, സത്യമാണ്. മാംസ്യവും ജീവകങ്ങളും ധാതുലവണങ്ങളും ചേർന്ന് പോഷകസമ്പന്നമായ മുതിര മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. നമ്മളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സാധിക്കുന്ന നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് മുതിര. പരമ്പരാഗതമായ വൈദ്യശാസ്ത്രത്തിൽ ആസ്ത്മാ, ശ്വാസനാളത്തിലെ നീർകെട്ടെൽ, വൃക്കയിലെ കല്ല്. മൂത്രത്തിലെ പഴുപ്പ്, വെള്ളപാണ്ഡ്, തുടങ്ങിയ രോഗങ്ങൾക്ക് മുതിര ഉപയോഗിക്കുന്നത് വളരെ ഫലം ചെയ്യുമെന്ന് പറയുന്നുണ്ട്. കുലഥാദി കഷായം, സപ്തസാരം കഷായം, ധാന്വന്തരം കഷായം, കോലകുലഥാദി ചൂർണം, കാർപ്പാസാസ്ഥ്യാദി തൈലം മുതലായ മുതിരയുടെ ഔഷധഗുണങ്ങളുടെ ഉദാഹരണങ്ങളാണ്. ഹൃദ്രോഗമുള്ളവർക്കും മുതിര വളരെ നല്ലതാണ്. ആരോഗ്യപരമായി നോക്കുമ്പോൾ മുതിരയുടെ ഗുണങ്ങൾ ഏറെയാണ്. ശരീരത്തെ സംബന്ധിക്കുന്ന പല പ്രശ്നങ്ങൾക്കും മുതിര നല്ലൊരു പ്രതിവിധിയാണ്.
ഉയർന്ന അളവിൽ അയേൺ, കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാൽ കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലതാനും. മുതിരയിൽ ധാരാളം കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. കഴിച്ചു കഴിഞ്ഞാൽ ദഹിക്കാനായി ഏറെ നേരം വേണ്ടി വരുമെന്നത് കൊണ്ടു തന്നെ വിശപ്പറിയാത്ത തിനാൽ അമിതവണ്ണമുളളവർക്കും പ്രമേഹരോഗികൾക്കും ഇടവേളകളിൽ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാം. ഇത് ശരീരത്തിന് ഉന്മേഷവും ഒപ്പം ആരോഗ്യവും പ്രധാനം ചെയ്യുന്നതു കൂടിയാണ് മുതിര. ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാൻ മുതിര ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ, അണുബാധകൾ എന്നിവ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് മുതിര. ഇതിൽ ആന്റിബാക്ടീരിയൽ, ആന്റിമൈക്രോബയൽ, ആന്റിഓക്സിഡന്റ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നവയാണ്.
തണുപ്പുകാലത്തും മുതിര ബെസ്റ്റാണ്. മഴക്കാലത്ത് മുതിരസൂപ്പ് തയ്യാറാക്കി ചൂടോടെ കഴിക്കുന്നത് കാലജന്യരോഗങ്ങളെ തടയാൻ സഹായിക്കുന്നു. ശരീരത്തിലെ മോശം കൊളസ്ട്രോളിനെ ഇല്ലാതാക്കാനും സഹായിക്കും. ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയതിനാൽ പ്രായത്തെ ചെറുക്കാനും മുതിര കഴിക്കു ന്നത് സഹായിക്കും. നല്ലപോലെ ബ്ലഡ് ഷുഗർ ലെവൽ ഉയർന്നിരിക്കുന്നവർക്ക് ഇത് നിയന്ത്രിക്കുന്നതിനായി മുതിര കഴിക്കാവുന്നതാണ്. മുതിര, ശരീരത്തിലെ ഇൻസുലിൻ റെസിസ്റ്റൻസ് ലെവൽ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. മുതിര പൊടിച്ച് കിഴികെട്ടി ചൂടാക്കി ഉഴിയുന്നത് പേശികളിലെ വേദനയും നീരും ശമിപ്പിക്കാനും സഹായിക്കും.