Food

എയര്‍ ഫ്രയറിലെ പാചകം ശരിക്കും ഗുണം ചെയ്യുമോ?

എയര്‍ ഫ്രയറില്‍ പാചകം ചെയ്യുന്നത് വളരെ നല്ലതാണ് എന്നാണ് പൊതുവെ പറയാറുള്ളത്. അത് ഹെല്‍ത്തിയായ രീതിയാണ് എന്ന അഭിപ്രായങ്ങളുമുണ്ട്. കാരണം, എയര്‍ ഫ്രയറിലാകുമ്പോള്‍ ഫ്രൈഡ് ചെയ്യുന്ന ഭക്ഷണം തന്നെ അധികം എണ്ണ ഉപയോഗിക്കാതെ ഫ്രൈ ചെയ്തെടുക്കാൻ സാധിക്കും. പ്രധാനമായും ഇക്കാരണം കൊണ്ടാണ് എയര്‍ ഫ്രയര്‍ നല്ലതാണ്, ഹെല്‍ത്തിയാണ് എന്ന് പറയുന്നത്. എന്നാൽ എന്താണ് സത്യം എന്ന് നോക്കാം.

എണ്ണയ്ക്ക് പകരം ചൂടുള്ള വായു സഞ്ചാരം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതാണ് എയർ ഫ്രൈയറിന്റെ രീതി. ഒരു എയർ ഫ്രയറിൻ്റെ ഏറ്റവും  പ്രധാനപ്പെട്ട ഗുണം  എണ്ണയില്ലാതെ  ആഴത്തിൽ വെന്തുവരും എന്നതിൽ ഉപരിയായി 75% വരെ കൊഴുപ്പ് കുറവുള്ള പാചകം ചെയ്യാനുള്ള കഴിവാണ്. എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നത് മികച്ച ഹൃദയാരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. പെട്ടന്ന് വെന്തുവരുന്നത് കൊണ്ടുതന്നെ പാചകം ചെയ്യുന്ന സമയം നമുക്ക് കുറക്കാം. എന്നാല്‍ പൊതുവെ എയര്‍ ഫ്രയറിനകത്ത് ഉണ്ടാക്കുന്ന വിഭവങ്ങളെല്ലാം അല്‍പം കലോറിയുള്ളതോ, അണ്‍ഹെല്‍ത്തി ആയതോ ആകാം. ഉദാഹരണത്തിന് സമൂസ. എയര്‍ ഫ്രയറിൽ ഉണ്ടാക്കുമ്പോൾ അതിലെ എണ്ണയുടെ കാര്യത്തിലേ കുറവ് വരുന്നുള്ളൂ. ബാക്കി റിഫൈൻഡ് മാവ് കൊണ്ട് തയ്യാറാക്കിയിട്ടുള്ള പുറംഭാഗവും മറ്റുമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ അവിടെ തന്നെയുണ്ട്. അതായത് എണ്ണയുടെ കാര്യത്തിലേ എയര്‍ ഫ്രയര്‍ നമുക്ക് ഹെല്‍ത്തി ആകുന്നുള്ളൂ. ബാക്കി ഏത് ഭക്ഷണമാണ് ഇതില്‍ പാകം ചെയ്യുന്നത് അവ എത്രമാത്രം ഹെല്‍ത്തിയാണ് എന്നതാണ് പ്രധാനം.

എന്നാൽ ഈ എയർ ഫ്രയറിന്റെ ദോഷങ്ങൾ മറ്റ് ചിലതാണ്. ചില ഭക്ഷണങ്ങൾ എണ്ണ ഉപയോഗിച്ച് തന്നെ തയ്യാറാക്കേണ്ടതാണ് അവ എയർ ഫ്രയറിൽ ഉണ്ടാക്കുമ്പോൾ വരണ്ടതായി മാറാനും കരിഞ്ഞു പോകാനും കാരണമാകും. ആളുകൾ കൂടുതൽ ഉള്ളപ്പോൾ വലിയ അളവിൽ പാചകം ചെയ്യാനുള്ള ശേഷിയില്ല എന്നത് മറ്റൊരു പോരായ്മയാണ്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും എയർ ഫ്രയറിന്റെ ആത്യന്തികമായ ഗുണം എന്ന് പറയുന്നത് എണ്ണയില്ലാതെ ഭക്ഷണം ആരോഗ്യകരമായി ഉണ്ടാക്കിയെടുക്കാം എന്നതുതന്നെയാണ്. ആ ജോലി ഇവ കൃത്യമായി നിർവഹിക്കുന്നുണ്ട്.