കട്ടി ഇല്ലാത്ത മുടിയിഴകളും മുടിയുടെ ആരോഗ്യക്കുറവും എപ്പോഴും നമ്മെ അലട്ടുന്ന പ്രശ്നങ്ങൾ ആണ്. എന്നാൽ ഇതിനെല്ലാം മികച്ച പരിഹാരമാണ് ആവണക്കെണ്ണ. കേശ സംരക്ഷണത്തിന് ആവണക്കെണ്ണ സഹായകമാണ് എന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും അത് എങ്ങനെയാണ് ഫലപ്രദമായി ഉപയോഗിക്കേണ്ടത് എന്നത് പലര്‍ക്കും അറിയില്ല. കരുത്തുറ്റ മുടിയിഴകൾക്ക് ആവണക്കെണ്ണ എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.
1. ആവണക്കെണ്ണ ഇളം ചൂടിൽ തലയോട്ടിയിൽ തേച്ചുപിടിപ്പിക്കണം. ഇത് തലയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും അങ്ങനെ ആരോഗ്യമുള്ള മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
2. ആന്റി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങളുള്ള ആവണക്കെണ്ണ പുരികങ്ങളിലും കൺപീലികളിലും പഞ്ഞിയിലോ ബഡ്‌സിലോ ആക്കി പുരട്ടുന്നത് മുടി വളരാൻ സഹായിക്കും.
3. ഒലീവ് ഓയിലിനൊപ്പം ഒരു ടേബിൾ സ്പൂൺ ആവണക്കെണ്ണയും അൽപം നാരങ്ങയുടെ നീരും യോജിപ്പിച്ച് തലയിൽ തേക്കുന്നത് താരനെ അകറ്റും.
4. ആവണക്കെണ്ണയും ബദാം ഓയിലും അല്ലെങ്കിൽ വെളിച്ചെണ്ണയും എടുക്കാം. തുല്ല്യ അളവിൽ ഇത് തലയിൽ തേക്കാം. തലമുടി നല്ല കരുത്തോടെ വളരാൻ ഇത് സഹായിക്കും.
5. ആവണക്കെണ്ണയും ഒരു മുട്ടയുടെ വെള്ളയും ചേർത്ത് തലയിൽ തേക്കുന്നതും ഗുണം ചെയ്യും.
ആവണക്കെണ്ണയ്ക്ക് സാധാരണ വെളിച്ചെണ്ണയെ അപേക്ഷിച്ച് ഒട്ടൽ കൂടുതൽ ആണ്. അതിനാൽ ഓരോ തവണ ഉപയോഗിച്ചതിനു ശേഷവും മുടി ഷാംപൂ ചെയ്തു കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണം. ആവണക്കെണ്ണയിലെ റിസിനോലെയിക് ആസിഡ് ആണ് മുടിയുടെ ഭംഗി കൂട്ടുന്നത്. തലയോട്ടിയിൽ രക്തചംക്രമണം വർദ്ധിപ്പിച്ച് അവയ്ക്ക് ഓക്സിജനും പോഷകങ്ങളും വർദ്ധിപ്പിച്ച് മുടി വളർച്ചയെ വേഗത്തിലാക്കുന്നതിന് സഹായിക്കുന്നു. ഒമേഗ-6, ഒമേഗ-9 ഫാറ്റി ആസിഡുകൾ തുടങ്ങിയ ഫാറ്റി ആസിഡുകളും ഈ എണ്ണയിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമായതിനാൽ മുടിയുടെ വളർച്ച കൂട്ടുകയും മുടി കൊഴിച്ചിൽ നിയന്ത്രിക്കുകയും ചെയ്യുന്നു.