അസം സ്വദേശിയായ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കര്‍ണാടകയിലെ ദേവനഹള്ളിയില്നിന്നാണ് പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായത് കണ്ണൂര്‍ തോട്ടട സ്വദേശി ആരവാണ്. പ്രതി കൊലയ്ക്ക് ഉപയോഗിച്ച കയറും കത്തിയും വാങ്ങിയത് ഓണ്‍ലൈന്‍ ആപ്പുവഴിയാണെന്ന് റിപ്പോര്‍ട്ട്. കൊലയ്ക്കുശേഷം കടന്നുകളഞ്ഞ പ്രതിയെ കര്‍ണാടകയിലെ ദേവനഹള്ളിയില്നിന്നാണ് പൊലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിനുശേഷം വാരാണസിയിലേക്ക് കടന്ന ആരവ്, മടങ്ങിയെത്തിയ ഉടനെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് മായയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ആരവും മായയും താമസിച്ച അപ്പാര്‍ട്ട്മെന്റിലെ മുറിയില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ വാതില്‍ തുറന്നു പരിശോധിച്ചപ്പോഴാണ് നെഞ്ചിലും തലയിലും നിരവധി മുറിവുകളോടെ കിടക്കയില്‍ കിടക്കുന്ന നിലയില്‍ മായയുടെ മൃതദേഹം കണ്ടത്. പഴകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആരവാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേരുകയായിരുന്നു. ചൊവ്വാഴ്ച അതിരാവിലെ തനിച്ച് അപ്പാര്‍ട്ട്മെന്റില്‍ നിന്നു പുറത്തേക്ക് പോകുന്ന ആരവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇയാള്‍ കയറിപ്പോയ വാഹനത്തിന്റെ ഡ്രൈവറെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
ആരവിനെ കണ്ട ബെംഗളൂരു മജസ്റ്റിക് റെയില്‍വേ സ്റ്റേഷന് പരിസരത്തെ പരമാവധി സിസിടിവികള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇവിടെ വച്ചാണ് ആരവ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്. വ്യാഴാഴ്ച കണ്ണൂരിലെ തോട്ടടയിലുള്ള ആരവിന്റെ വീട്ടിലെത്തിയ കര്‍ണാടക പൊലീസിനു അന്വേഷണത്തിനു സഹായകമാകുന്ന വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. മുത്തച്ഛന് മാത്രമാണ് ആരവിന്റെ വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ചയാണ് മായയും ആരവും ചേര്‍ന്ന് അപ്പാര്‍ട്ട്മെന്റില്‍ മുറിയെടുക്കുന്നത്. ഞായറാഴ്ച തന്നെ ആരവ് മായയെ കൊലപ്പെടുത്തിയെന്നും രണ്ടുദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞ ശേഷം ചൊവ്വാഴ്ച ഇയാള്‍ കടന്നുകളയുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
ഗുവഹാത്തിയിലെ കൈലാസ് നഗര്‍ സ്വദേശിനിയാണ് കൊല്ലപ്പെട്ട മായ. സഹോദരിക്കൊപ്പമാണ് ഇവര്‍ ബെംഗളൂരുവില്‍ താമസിക്കുന്നത്. ആറു മാസമായി ആരവും മായയും പ്രണയത്തിലായിരുന്നു. ഡേറ്റിങ് ആപ് വഴിയാണ് ആരവും മായയും പരിചയത്തിലാകുന്നത്. മായ ഇക്കാര്യം സഹോദരിയോട് പറഞ്ഞിരുന്നു. മായയുടെ ഫോണ്‍ പരിശോധിച്ച പൊലീസിന് ആരവുമായി മണിക്കൂറുകള്‍ കോളുകള്‍ വഴിയും ചാറ്റുകള്‍ വഴിയും സംസാരിച്ചെന്ന് കണ്ടെത്തിയിരുന്നു. ചില സമയത്ത് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിലൂടെ വ്യക്തമാകുന്നുണ്ട്. വെള്ളിയാഴ്ച ഓഫിസില്‍ പാര്‍ട്ടിയുള്ളതിനാല്‍ വീട്ടിലേക്ക് വരുന്നില്ലെന്ന് ഇവര്‍ സഹോദരിയെ വിളിച്ച് അറിയിച്ചിരുന്നു.