അതിപ്രചീനകാലം മുതൽ തന്നെ മന്ത്രവാദം ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയിരുന്നു. ആദിമവർഗക്കാരുടെയിടയിലാണ് ഇത് ഉൽഭവിച്ചെതെന്ന് തോന്നുന്നു. അതിപുരാതനവും അതിശയവും രഹസ്യവും വ്യക്തമായ നിർവ്വചനവും നൽകാൻ കഴിയാത്ത ഒരു പ്രക്രിയയാണ് മന്ത്രവാദം. ഇത് ഉൽഭവിച്ചത് പ്രാകൃത രീതിയിൽ
ആയതുകൊണ്ടാണ് ഇന്നും അതിന്റെ സ്ഥാനഭാവം പ്രാകൃതമായിതന്നെയാണ്. പ്രകൃതിയോട് മല്ലടിച്ച് സംസ്കാരം കെട്ടിപ്പെടുത്ത മനുഷ്യന് പലപ്പോഴും അജ്ഞാതമായ ഏതൊക്കെയോ ദുരൂഹശക്തികള്ക്ക് മുന്നില് അടിയറവ് പറഞ്ഞിട്ടുണ്ട്. പ്രകൃതിയില് അവന് മനസ്സിലാവാത്ത രഹസ്യങ്ങളോടുള്ള ഭക്തി-ഭയ-ബഹുമാനങ്ങളുടെ ആകത്തുകയാണ് മന്ത്രവാദമെന്ന് ചുരുക്കത്തില് വിവക്ഷിക്കാം.
നാലാമത്തെ വേദമായ അഥർവ വേദത്തിൽ മന്ത്രവാദത്തെപ്പറ്റിയുള്ള പ്രസ്താവം കാണാം. ഇരുപത് കാണ്ഡങ്ങളും നൂറ്റിയെട്ട് അനുപാദങ്ങളും എഴുനൂറ്റിമുപ്പത്തൊന്ന് സൂക്തങ്ങളുമുള്ള ഈ അഥർവ വേദത്തിൽ ആയിരത്തിയിരുനൂറിൽപ്പരം യന്ത്രങ്ങളെപ്പറ്റിയും കൃത്തികബലി ഖർഗരാവണബലി മുതലായ ഒട്ടനവധി ആഭിചാരകർമ്മങ്ങളെകുറിപ്പറ്റിയും മാരണം, സ്തംഭനം, ഉച്ചാടനം, വശീകരണം, മുതലായ നിരവധി ക്രിയകളെപ്പറ്റിയും പ്രതിപാദിക്കുന്നു. കേരളത്തിലെ ദുർമന്ത്രവാദശാഖ അഥർവ വേദത്തോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. കൌശികസൂത്രമാണ് മറ്റൊരു പ്രധാനപ്പെട്ടകൃതി.
ബി.സി.4000നും 5000നും ഇടക്കാണ് വൈദികകാലമെന്നുപറയാം. ഇക്കാലം മുതൽക്കെ മന്ത്രവാദത്തിനും മറ്റഭിചാരകർമ്മങ്ങൾക്കും പ്രചാരമുണ്ടായിരുന്നു എന്നു വേണം കരുതാൻ. വൈദ്യവും മന്ത്രവാദവും ഒരുമിച്ചു കൊണ്ടുപോകുന്ന അഥർവ വേദ സമ്പ്രദായം തന്നെയാണ് മലയാളത്തിലെ മിക്ക മന്ത്രവാദ ഗ്രന്ഥങ്ങളിലും പിന്തുണർന്നിട്ടുള്ളത്. പുരാണേതിഹാസങ്ങളിലും മന്ത്രവാദത്തെപ്പറ്റി പ്രസ്താവം കാണാം. കാശിരാജാവായ പൗണ്ഡ്രക വാസുദേവൻ ദ്വാരകയിലേക്ക് കൃത്തികയെ അയച്ചതായും അയോധ്യയിലെ മറ്റൊരു രാജാവായിരുന്ന അംബരീഷന്റെ നേർക്ക് ദുർവ്വാസാവു മഹർഷി കൃത്തികയെ വിട്ടതായും സുദർശനചക്രം ഉപയോഗിച്ച് അംബരീഷൻ അതിനെ തടഞ്ഞതായും പുരാണങ്ങളിൽ കാണുന്നു.
“ “യജകന്തസാത്വികാ: ദേവാൽ യക്ഷ രക്ഷാംസി രാജസാ; പ്രേതാൻ ഭൂതഗണാംശ് ചാന്യേ യജകന്ത താമസാ:ജനാ.” ”
ഭഗവത് ഗീത
സാത്വിക ചിന്തയുള്ള ജനങ്ങൾ ദേവന്മാരെയും രാജസശ്രദ്ധയുള്ള ജനങ്ങൾ യക്ഷന്മാരെയും രക്ഷസുകളെയും പൂജിക്കുന്നു. താമസശ്രദ്ധയുള്ള ജനങ്ങൾ ആകട്ടേ പ്രേതങ്ങളെയും ഭൂതഗണങ്ങളെയും പൂജിക്കുന്നു.
വേദം തൊട്ടുള്ള ജ്ഞാനവിജ്ഞാനങ്ങളുടെ സഹകരണത്തോടെ അതൊരു കാലഘട്ടത്തിന്റെ പ്രതിരോധ ചികിത്സാപദ്ധതിയായി വളർന്നിട്ടും കരിങ്കുട്ടി, കുട്ടിച്ചാത്തൻ, ചുടലഭദ്രകാളി, ബാലപ്രദക്ഷിണി, രന്തുകാമൻ, ഹന്തുകാമൻ, ആകാശയക്ഷി, ഗന്ധർവൻ, എരിക്കമ മോഹിനി, രക്തചാമുണ്ഡി, ഭൈരവി, യോനിമർദ്ദിനി, പറക്കുട്ടി, മാടൻ, മറുത, അറുകൊല എന്നീ ദുർമൂർത്തികളുടെ വിഹാര രംഗമായും മാട്ട്, മാരണം, ഒടി, കൊല, ചതി, എന്നീ ആഭിചാര-ക്ഷുദ്ര കർമങ്ങളുടെ പ്രയോക്താക്കളായും മാത്രം മന്ത്രവാദവും മാന്ത്രികരും അറിയപ്പെടുന്നു.
പ്രാചീനദശയിൽ ആദിമവാസികളുടെയിടയിൽ നിന്നാണു മന്ത്രവാദമുണ്ടായത്. കേരളത്തിൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിച്ച പരശുരാമൻ, ബ്രാഹ്മണരെയും പ്രത്യേകം പ്രത്യേകം വീതിച്ചു പല തൊഴിൽ നൽകിയത്രെ. ഇങ്ങനെയാണ് അഷ്ടവൈദ്യന്മാരും ഷണ്മന്ത്രവാദികളും താന്ത്രികന്മാരും ഉണ്ടായത്.
മഴയും വെയിലും മഞ്ഞും കാറ്റും മനുഷ്യനെ സഹായിക്കുക മാത്രമല്ല, ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. സഹായിക്കുമ്പോള് ഈ ശക്തികള് ഇഷ്ടദേവതകളും ഉപദ്രവിക്കുമ്പോള് ഉഗ്രമൂര്ത്തികളുമാവുന്നത് അവന് അറിഞ്ഞു. ഉഗ്രമൂര്ത്തികളെ പ്രീതിപ്പെടുത്താന് എന്തു ചെയ്യണമെന്നായി പിന്നീടവന്റെ ചിന്ത. ഇത് ആരാധനകള്ക്കും പലതരം ബലിയര്പ്പണങ്ങള്ക്കും കാലാന്തരത്തില് മന്ത്രവാദത്തിനും വഴിവച്ചു.
കാലം പിന്നേയും കഴിഞ്ഞു. ഉഗ്രമൂര്ത്തികള് അവന് പലതായി. പ്രാദേശികസ്വഭാവമുള്ള മൂര്ത്തികളെ അവന് സങ്കല്പ്പിച്ചു. അവരെ പ്രീതിപ്പെടുത്താനായി ആരാധനാക്രമങ്ങള് സൃഷ്ടിച്ചു. പ്രകൃതിയെ വേണ്ട രീതിയില് മാറ്റാന് മാത്രമല്ല, തനിക്കിഷ്ടമില്ലാത്ത അന്യരെക്കൂടെ ഇല്ലാതാക്കാന് മൂര്ത്തികളെ പ്രീതിപ്പെടുത്തിയാലാവുമെന്ന് അവന് വിശ്വസിക്കാന് തുടങ്ങിയതോടെ ദുര്മന്ത്രവാദം ഉടലെടുത്തു. വീട്ടിലൊരു കുട്ടി ജനിച്ചാല് മറുപിള്ളക്കായി കാത്തുനില്ക്കുന്ന ചാത്തപ്പനെപ്പറ്റി മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്. മറുപിള്ള ദുര്മന്ത്രവാദത്തിലെ ഒരു സുപ്രധാന വസ്തുവാണെത്രെ.
വാൽഹൌസ് എന്ന ഇംഗ്ലീഷുകാരൻ എഴുതിയ ഒരു ലേഖനത്തിൽ ഏറ്റവും ശക്തിയുള്ള ഭൂതപ്രേതപിശാചുക്കൾ വസിക്കുന്ന സ്ഥലമായി മലബാറിനെ വിശേഷിപ്പിക്കുന്നു. ജ്യോതിഷത്തിൽ ജനങ്ങൾക്കുണ്ടായിരുന്ന ഉറച്ച വിശ്വാസം ശത്രുക്കൾ മന്ത്രവാദം നടത്തുന്നു എന്നു സ്ഥിതീകരിക്കാനുള്ള ഒരുപാധിയായി വർത്തിച്ചുട്ടൂണ്ടെന്ന വസ്തുത നിഷേദിക്കാൻ വയ്യ. കേരളത്തിൽ ആറ് സദ്മന്ത്രവാദികളും ആറ് ദുർമന്ത്രവാദികളും ഉണ്ടായിരുന്നതായി വില്യം ലോഗൻ അദ്ദേഹത്തിന്റെ മലബാർ മാന്വൽ എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ കാണുന്നതുപോലെ സമൂഹമോ രാഷ്ട്രമോ മന്ത്രവാദികളെ വേട്ടയാടിയ ചരിത്രം കേരളത്തിലില്ല. പുരുഷന്മാർ മാത്രമായിരുന്നു മന്ത്രവാദകർമ്മങ്ങളിൽ ബന്ധപ്പെട്ടിരുന്നത്. അവരിൽ പ്രമുഖരെ രാജാക്കന്മാർ പോലും തങ്ങളുടെ ശത്രുക്കളെ നിർന്മാർജ്ജനം ചെയ്യാൻ വേണ്ടി വിനിയോഗിച്ചിരുന്നുവത്രെ. നായ കടിക്കുക, പാമ്പുകടിക്കുക, ഭ്രാന്തു പിടിക്കുക, രക്തം ഛർദിക്കുക, ശ്വാസം മുട്ടി മരിക്കുക, വസൂരി തുടങ്ങിയ രോഗങ്ങൾ പിടിപ്പെടുക, കള്ളന്മാരെ നശിപ്പിക്കുക, വശീകരണം, ഒടിക്കുക, കല്ല്യാണം മുടക്കുക തുടങ്ങിയ വിഷയങ്ങളിൽ ആണ് ശത്രുക്കളെ അടിപ്പെടുത്താൻ മന്ത്രവാദികൾ ശ്രമിച്ചിരുന്നത്.
ആദിമവാസികളുടെ കയ്യിൽ മന്ത്രവാദവും പ്രാകൃതമായിരുന്നു. തമോഗുണ പ്രധാനങ്ങളായ മൂർത്തികളെ ആദ്യം മദ്യം, മാംസം, രക്തം എന്നിവ നൽകി ആരാധിച്ചു. ശാക്തേയ പൂജ എന്നറിയപ്പെടുന്ന ശക്തിപൂജ ഭാവത്തിലും സ്വഭാവത്തിലും ആസുരമായതങ്ങനെയാണ്. ഉത്തരേന്ത്യയിൽ പലയിടത്തും ഈ ശാക്തേയമായ പൂജാവിധാനങ്ങളും മറ്റും ചുടലക്കളങ്ങളിലും വനാന്തർ ഭാഗങ്ങളിലും ഇന്നും നടത്താറുണ്ട്. മൃഗബലി, നരഹത്യ മുതലായവ നടത്തി നിധി കിട്ടുന്നതിനും വശികരണത്തിനും മറ്റുമായിട്ടാണിത് നടത്തുന്നത്. മന്ത്രമൂർത്തികൾക്ക് ആസുരമായ ഭാവം ഉണ്ടാകുമ്പോൾ കർമിയും ആസുരഭാവം കൈകൊള്ളുന്നു. അപ്പോൾ മന്ത്രവാദ പ്രയോഗത്തന്റെ ഫലമായിത്തന്നെ കർമിയും മദ്യപാനവും രക്തപാനവും നടത്തുന്നു. പ്രതിവിധിയെക്കാളേറെ പ്രത്യാക്രമണമാണ് പ്രാകൃതമന്ത്രവാദിയുടെ രീതി. വശ്യം , മാട്ട്, മാരണം എന്നിവയാണ് പ്രാകൃത മന്ത്രവദിക്കു ചെയ്യാനാവുന്ന കാര്യങ്ങൾ. കുടുംബകലഹം, അനാരോഗ്യം, ധനനാശം, ബന്ധുനാശം ഒടുവിൽ മരണം എന്നിവക്കായി പ്രാകൃത മന്ത്രവാദികൾ മാട്ടും മാരണവും നടത്തുന്നു.
മന്ത്രവാദം ഏകവസ്ത്രമായോ നിർ വസ്ത്രമായോവേണം ചെയ്യാൻ, മന്ത്രവാദി മാത്രമല്ല, പ്രതിയും നഗ്നരാകണം. ഈ പ്രമാണത്തിന്റെ പിന്നിലും ഒരു പ്രാകൃത മനോഭാവമാണ് കുടികൊള്ളുന്നത്. പ്രകടനമാണ് പ്രാകൃത മന്ത്രവാദത്തിലെ മുഖ്യഘടകം. കർമി വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞുതുള്ളൂകയും പ്രതിയെ പിടികൂടിയുള്ള മൂർത്തികളെക്കുറിച്ചും അവരുടെ ഉപദ്രവശാന്തിക്കായി ചെയ്യേണ്ട കർമങ്ങളെക്കുറിച്ചും വെളിപാടുപോലെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത് ആസുരകർമ്മമാണ്.
ഹൈന്ദവാചാരപ്രകാരം പ്രധാനമായും വൈഷ്‌ണവം, ശാക്തേയം, ശൈവം എന്നീ മന്ത്രവാദരീതികളാണ് നിലവിലുളളത്.
നമ്മള് ജീവിക്കുന്ന ആധുനിക കാലഘട്ടത്തില് ലോകസിനിമയും ലോകസാഹിത്യവും മനുഷ്യന്റെ ഭൂതപ്രേതവിശ്വാസങ്ങളെ അരക്കെട്ടുറപ്പിക്കാന് സഹായിച്ചിട്ടുണ്ട്. ഡ്രാക്കുള പോലുള്ള ഒരു കൃതിക്ക് പാശ്ഛാത്യലോകം കൊടുത്ത വരവേല്പ്പിനെപ്പറ്റി ചിന്തിക്കുക. അന്ധവിശ്വാസമെന്ന് യുക്തിചിന്ത തള്ളിക്കളയുമ്പോഴും, മന്ത്രവാദക്കളങ്ങളില് തിരി തെളിഞ്ഞുകൊണ്ടിരിക്കുന്നത് നമ്മെ വിചിന്തനത്തിന് സഹായിക്കേണ്ടതാണ്.