India

ചെന്നൈയില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ അടക്കം ആറു ജില്ലകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. സ്‌പെഷല്‍ ക്ലാസുകളോ പരീക്ഷകളോ നടത്തരുത്. ഐടി കമ്പനി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണം. ബീച്ചുകളിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

2299 ദുരിതാശ്വാസ ക്യാമ്പുകള്‍ സര്‍ക്കാര്‍ സജ്ജീകരിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ തമിഴ്‌നാട്ടിലെ നാളത്തെ പരിപാടി റദ്ദാക്കി. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് നാളെ ഉച്ചയ്ക്കുശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ കരതൊടും. മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാനാണ് സാധ്യത.

ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത പ്രവചിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഡിസംബര്‍ 1, 2 തീയതികളില്‍ അതിശക്തമായ മഴയ്ക്കും, നവംബര്‍ 30, ഡിസംബര്‍ 3 തീയതികളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.