തെക്കന്‍ കര്‍ണാടകത്തിലെ കനത്ത വനാന്തരങ്ങള്‍ക്ക് നടുവില്‍ കഥകൾ കൊണ്ടും മിത്തുകൾ കൊണ്ടും ഏറെ രസിപ്പിക്കുന്ന ഒരു നദി ലാസ്യവതിയായി പരന്നൊഴുകുന്നുണ്ട്. അതാണ് ലക്കാവേരിയും ബാഗമണ്ഡലയും വഴി നാടുകൾ താണ്ടി ഒഴുകി കടലിൽ പതിക്കുന്ന കാവേരി നദി. ഇതിനിടയിൽ കാടിന്റെ എല്ലാ സൗന്ദര്യവും ഒരു നദിയുടെ തീരത്തൊളിപ്പിച്ച കാവേരി ഫിഷിങ് ക്യാംപ് സഞ്ചാരികളെ കാത്തിരിക്കുകയാണ്. തലസ്ഥാനനഗരമായ ബാംഗ്ലൂരില്‍ നിന്നും കൃത്യം 100 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ബാംഗ്ലൂര്‍ – കൊല്ലേഗാള നാഷണല്‍ ഹൈവേയുടെ സമീപത്താണ് കാവേരി ഫിഷിംഗ് ക്യാംപ് സ്ഥിതിചെയ്യുന്നത്. മാണ്ഡ്യ ജില്ലയിലെ ഹഗളൂരുവില് ഇറങ്ങി 23 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്യാംപിലെത്താം. ഭീമേശ്വരി, ഗാലിബോര്‍, ദൊഡ്ഡമക്കലി എന്നിങ്ങനെയുള്ള മൂന്ന് ക്യാംപുകള്‍ ചേര്‍ന്നാണ് കാവേരി ഫിഷിംഗ് ക്യാംപ് എന്ന് അറിയപ്പെടുന്നത്. കര്‍ണാടക ജംഗിള്‍ ലോഡ്ജസ് ആന്റ് റിസോര്‍ട്ടാണ് കാവേരി ഫിഷിംഗ് ക്യാംപ് നോക്കിനടത്തുന്നത്.
കാവേരി ഫിഷിംഗ് ക്യാംപ് , ഈ പേര് പോലെതന്നെ മീൻപിടുത്തമാണ് പ്രധാന വിനോദം. എന്നാൽ മീൻ പിടിച്ച് അവയെ ചുട്ട് തിന്നുതല്ല ഇവിടുത്തെ വിനോദം എന്ന് മാത്രം. മീനുകളെ പിടിച്ച് അവയെ അതുപോലെതന്നെ തിരികെ വെള്ളത്തിലേക്ക് വിടുകയാണ് ചെയ്യുക. അപൂർവ്വ ഇനത്തിൽപെട്ട മഹാശീർ മീനുകളെ ധാരാളമായി കാണുവാനും അവയെ പിടിക്കുവാനും സാധിക്കും എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. അപൂര്‍വ്വ ഇനം മത്സ്യമാണെങ്കിലും കാവേരി ഫിഷിംഗ് ക്യാംപില്‍ ഇവയെ കൂട്ടം കൂട്ടമായി കാണാന്‍ കഴിയും. ഫിഷിംഗിനൊപ്പം തന്നെ കയാക്കിംഗ്, ട്രക്കിംഗ്, ചങ്ങാടത്തില്‍ ഒരു യാത്ര, മൗണ്ടന്‍ ബൈക്കിംഗ് എന്നിവയും സഞ്ചാരികള്‍ക്ക് കാവേരി ഫിഷിംഗ് ക്യാംപില്‍ ആസ്വദിക്കാം. പക്ഷി നിരീക്ഷണത്തിന് ഏറെ യോജിച്ച ഒരിടം കൂടിയാണിത്. വ്യത്യസ്തങ്ങൾ ആയ തൊണ്ണൂറിൽ അധികം പക്ഷിവര്ഗങ്ങളെയും കടലാമയെയും ഇവിടെ കാണാന്‍ സാധിക്കും. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് നില്ക്കുന്ന ശാന്തമായ കുറച്ച് സമയമാണ് നിങ്ങളുടെ മനസ്സിലെങ്കില്‍, മറ്റൊന്നും ആലോചിക്കാനില്ല. കാവേരിനദിയുടെ ശാന്തമായ ഈ തീരത്തേക്കൊരു യാത്രയാവാം.