കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് സങ്കേതങ്ങളിലൊന്നാണ് കാസര്‍കോട്ടെ ബേക്കല്‍. കോട്ടകളുടെയും കുന്നുകളുടെയും നദികളുടെയും ബീച്ചുകളുടെയും നാടായ കാസര്‍കോടിന്റെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകൂടിയാണ് ഇവിടം. ലോകത്തിലേറ്റവും കൂടുതൽ കോട്ടകളുള്ള രാജ്യമായാണ് ഇന്ത്യ അറിയപ്പെടുന്നത്. 400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്മാരകമാണ് ബേക്കല്‍ കോട്ട. കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട്ട് നിന്ന് ഏകദേശം എട്ടുകിലോമീറ്റര്‍ ദൂരമാണ് കേരളത്തിലെ ഏറ്റവും വലിയ ചരിത്ര വിസ്മയമായ ബേക്കല്‍ കോട്ടയിലേക്കുള്ളത്. അറബിക്കടലിന്റെ തീരത്ത് ഏതാണ്ട് 30-40 ഏക്കര്‍ വിസ്തൃതിയില്‍ വൃത്താകാരത്തിലാണ് കോട്ട പണിതുയര്‍ത്തിയിട്ടുള്ളത്. കാസർകോടിലെ പള്ളിക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിൽ കടമ്പ രാജവംശത്തിലെ ഭരണാധികാരികളാണ് നിർമിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പിന്നീട് കോലത്തിരി രാജാക്കൻമാർക്കും ഹൈദർ അലിക്കും ടിപ്പു സുൽത്താനും അവസാനം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിലേക്കും അധികാരം എത്തി.
ഉയർന്ന നിരീക്ഷണ ഗോപുരങ്ങളും പടികളുള്ള വാട്ടർ ടാങ്കും ഒരു ടണലുമെല്ലാം കോട്ടയുടെ പ്രധാന ആകർഷണങ്ങളാണ്. കോട്ടയുടെ വാസ്തുവിദ്യാ സൗന്ദര്യവും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന ഒരു പ്രധാന ഘടകമാണ്. കോട്ടയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഹനുമാൻ ക്ഷേത്രവും ടിപ്പു സുൽത്താൻ പണി കഴിപ്പിച്ചതായി കരുതുന്ന പഴയ ഒരു മോസ്കും സഞ്ചാരികളെ ആകർഷിക്കുന്നു. കോട്ടയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് ബേക്കൽ ബീച്ച്. കടല്‍തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയവിധം ഒരുക്കിയിരിക്കുന്ന നടപ്പാത സഞ്ചാരികൾക്ക് വളരെ ഇഷ്ടപ്പെടും. സൂര്യാസ്തമയ ശേഷവും ദീര്‍ഘ നേരം ബീച്ചില്‍ ചെലവഴിക്കാന്‍ വൈകുന്നേരങ്ങളില്‍ ബീച്ചില്‍ അലങ്കാര ദീപങ്ങള്‍ തെളിയിക്കും. തദ്ദേശീയമായി ലഭ്യമായ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ച് കടല്‍ കാറ്റേല്‍ക്കാന്‍ ഏറുമാടങ്ങള്‍ പോലുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.14 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായി മനോഹരമായ ചില്‍ഡ്രന്‍സ് പാര്‍ക്കും ബേക്കലിലുണ്ട്. തെയ്യങ്ങളുടെ സീസണിലാണ് ബേക്കലിലേക്ക് സഞ്ചാരം മനോഹരമാകുക.