കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയങ്കരമായ വിഭവമാണ് പാസ്ത. രുചികരമായ ക്രീമി പാസ്ത എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം മതിയാകുവോളം.
ചേരുവകൾ
- വെള്ളം – 5–6 ഗ്ലാസ്
- ഉപ്പ്– ആവശ്യത്തിന്
- ബട്ടർ– 2 ടീസ്പൂൺ
- ഓയിൽ -2 ടേബിൾ സ്പൂൺ
- പാസ്ത – 11/2 കപ്പ്
- വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
- പച്ചമുളക് – 1 എണ്ണം
- കാരറ്റ് പൊടിയായി അരിഞ്ഞത് – 3 ടേബിൾ സ്പൂൺ
- സവാള പൊടിയായി അരിഞ്ഞത്–3 ടേബിൾ സ്പൂൺ
- കാപ്സിക്കം പൊടിയായി അരിഞ്ഞത് – 3 ടേബിൾ സ്പൂൺ
- തക്കാളി പൊടിയായി അരിഞ്ഞത്– 3 ടേബിൾ സ്പൂൺ
- വറ്റൽ മുളക് ചതച്ചത് – 1 ടേബിൾ സ്പൂൺ
- കുരുമുളകു പൊടി – 1 ടീസ്പൂൺ
- ഫ്രെഷ് ക്രീം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ ഒരോ ടീസ്പൂൺ വീതം ഉപ്പും ഓയിലും ഒഴിച്ച് വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് പാസ്ത ഇട്ട് വേവിക്കുക. ഇനി മറ്റൊരു പാനിൽ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ ചെറുതായി അരിഞ്ഞ വെളുത്തുള്ളി, പച്ചമുളകും ഒന്നു വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് പൊടിയായി അരിഞ്ഞ കാരറ്റും സവാളയും ഇട്ട് രണ്ടു മൂന്നു മിനിറ്റ് വഴറ്റുക. ഇതൊന്നു വാടി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന കാപ്സിക്കവും തക്കാളിയും കൂടി ചേർത്ത് ഇത് ചെറുതായൊന്നു വഴറ്റുക. ഇതിന്റെ കൂടെ ഉപ്പും കുരുമുളകു പൊടിയും വറ്റൽമുളക് ചതച്ചതും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ശേഷം വെന്ത് വെള്ളം ഊറ്റി വച്ചിരിക്കുന്ന പാസ്റ്റയിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്കു ഫ്രഷ് ക്രീം കുറച്ച് കുറച്ചായി ചേർത്തു യോജിപ്പിക്കുക. ഇതൊരു രണ്ടു മിനുറ്റ് നേരം അടച്ചു വച്ച് വേവിക്കുക. എളുപ്പം തയാറാക്കാവുന്ന ക്രീമി പാസ്ത റെഡി.
STORY HIGHLIGHT: creamy pasta