Kerala

കേരള കലാമണ്ഡലത്തില്‍ ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കുമെന്ന് വൈസ് ചാന്‍സലര്‍

കേരള കലാമണ്ഡലത്തില്‍ 120 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കുമെന്ന് വൈസ് ചാന്‍സലര്‍. ഉത്തരവ് പിന്‍വലിക്കാന്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വിസിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. റദ്ദാക്കുമെന്നു വിസി മന്ത്രിക്ക് ഉറപ്പു നല്‍കി. യാതൊരു മുന്നറിയിപ്പും ഇല്ലാതെ അധ്യാപകര്‍ ഉള്‍പ്പടെയുള്ളവരെ പിരിച്ചുവിട്ട നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനിടെയാണ് സര്‍ക്കാര്‍ ഇടപെടല്‍.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കലാമണ്ഡലത്തിലെ മുഴുവന്‍ താത്കാലിക ജീവനക്കാരെയും പിരിച്ചുവിടാന്‍ തീരുമാനിച്ചത്. അധ്യാപകര്‍ മുതല്‍ സെക്യൂരിറ്റി ജീവനക്കാര്‍ വരെയുള്ള 120 ഓളം പേരെയാണ് പിരിച്ചുവിടുന്നതായി ഉത്തരവിറങ്ങിയത്. ഇന്ന് മുതല്‍ താത്കാലിക ജീവനക്കാര്‍ ആരും ജോലിക്ക് വരേണ്ടതില്ലെന്ന് ഉത്തരവില്‍ വിസി വ്യക്തമാക്കിയിരുന്നു.

കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം വന്നത്. കലാമണ്ഡലത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി താത്കാലിക അധ്യാപക – അനധ്യാപക ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാല്‍ പദ്ധതിയേതര വിഹിതത്തില്‍ നിന്നു ആവശ്യമായ തുക ലഭിക്കാത്തത് മൂലമാണ് നടപടിയെന്നായിരുന്നു വിശദീകരണം.

യാതൊരു മുന്നറിയിപ്പും ഇല്ലാതെ അധ്യാപകര്‍ ഉള്‍പ്പടെയുള്ളവരെ പിരിച്ചുവിട്ട നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒരു അധ്യായന വര്‍ഷത്തിന്റെ ഇടയ്ക്കുവച്ച് താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന സംഭവം ആദ്യമാണെന്ന് ഒരു വിഭാഗം പറഞ്ഞു.

Tags: Kerala