India

വിവാഹവും വിവാഹമോചനവും… പിന്നാലെ ലക്ഷങ്ങളുടെ തട്ടിപ്പും

പരിചയപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹവും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹമോചനവും നടത്തി പണം തട്ടിപ്പ്. സിംഗിളായ പുരുഷന്മാരെ എളുപ്പത്തില്‍ വലയിലാക്കി വിവാഹം കഴിച്ച് ലക്ഷങ്ങള്‍ തട്ടുകയാണ് ചൈനക്കാരായ യുവതികള്‍. കൂടുതല്‍ ആളുകള്‍ മൊബൈലിനെയും കമ്പ്യൂട്ടറുകളെയും ആശ്രയിക്കുന്നു. എളുപ്പത്തില്‍ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള സാധ്യത പരമാവധി ഉപയോഗിക്കാനാണ് യുവജനങ്ങള്‍ ശ്രമിക്കുന്നത്. ആധികാരികതയോടെയും കൃത്യതയോടെയും ഇതിന് സൗകര്യമൊരുക്കുന്ന ധാരാളം പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടെങ്കിലും ആളുകളുടെ ഈ മനഃസ്ഥിതി പരമാവധി ചൂഷണം ചെയ്ത് പണം തട്ടുന്നവര്‍ ചൈനയില്‍ അധികമായി ഉണ്ടെന്നാണ് വെളിവായിരിക്കുന്നത്.

വധുവാകാന്‍ തയാറാണെന്ന നാട്യത്തില്‍ യുവതികള്‍ അവിവാഹിതരായ പുരുഷന്മാരുമായി ഓണ്‍ലൈനില്‍ സംസാരിക്കുന്നു. ഇതിനായി പെണ്‍കുട്ടികളെ പ്രത്യേകം ഏര്‍പ്പെടുത്തുന്ന മാച്ച്‌മേക്കിങ് ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ ഒരു പുരുഷനെ കണ്ടെത്തി ഏതാനും ദിവസങ്ങള്‍ ഡേറ്റിങ് നടത്തും. പിന്നീട് വിവാഹത്തിന് ഒരുക്കമാണെന്ന് വാഗ്ദാനവും നല്‍കും. പെണ്‍കുട്ടിക്കുള്ള സ്ത്രീധനമായി നല്ലൊരു തുക ഏജന്‍സിക്കു കൈമാറണമെന്ന കരാറില്‍ ഇവര്‍ക്ക് ഒപ്പിടേണ്ടി വരും. പിന്നീട് വിവാഹവും നടക്കും.

എന്നാല്‍ വിവാഹത്തിനു തൊട്ടു പിന്നാലെ വധു ഒളിച്ചോടുകയോ അപ്രത്യക്ഷയാവുകയോ അതുമല്ലെങ്കില്‍ എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുകയോ ചെയ്യുന്നു. ഫ്‌ലാഷ് വെഡ്ഡിങ് എന്നാണ് ഇത്തരം തട്ടിപ്പ് വിവാഹങ്ങള്‍ അറിയപ്പെടുന്നത്. സ്ത്രീധനമായി ലക്ഷങ്ങളാണ് വിവാഹത്തിനു മുന്‍പ് തന്നെ പുരുഷന്മാര്‍ കൈമാറുന്നത്. ഇത്തരത്തില്‍ ഓരോ വധുവും ഏജന്‍സികളും ചേര്‍ന്ന് മാസങ്ങള്‍ക്കുള്ളില്‍ പലരില്‍ നിന്നായി 35 ലക്ഷം രൂപയ്ക്ക് മുകളില്‍ തട്ടിയെടുത്ത സംഭവങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതലിങ്ങോട്ട് ഹ്വാഗ്വോയുവാന്‍ മേഖലയില്‍ നിന്നുമാത്രം 180 വിവാഹ തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും ഓണ്‍ലൈനില്‍ പങ്കാളിയെ തേടുന്ന അവിവാഹിതരായ പുരുഷന്മാരുടെ എണ്ണത്തിന് കുറവില്ലെന്ന് തട്ടിപ്പ് നടത്തിയ ഒരു ഏജന്‍സിയില്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന വ്യക്തി പൊലീസിനുമൊഴി നല്‍കിയിട്ടുണ്ട്.