India

കഠിനമായ വയറുവേദനയുടെ കാരണം കണ്ട് ഞെട്ടി യുവതി

കഠിനമായ വയറുവേദനയുടെ കാരണം കണ്ട് ഞെട്ടി യുവതി. സ്‌കാനിങില്‍ വയറ്റിനുള്ളില്‍ കണ്ടെത്തിയത് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രികയാണ്. മധ്യപ്രദേശിലെ ഭിന്ദില്‍ നിന്നാണ് ഡോക്ടര്‍മാരുടെ അശ്രദ്ധയുടെ മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവന്നത്. ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് കമല ബായിക്ക് ഇത്രയും വേദന അനുഭവിക്കേണ്ടി വന്നതെന്ന് കുടുംബം പറഞ്ഞു. സ്‌കാനിങ് സംബന്ധിച്ച് പൂര്‍ണമായ റിപ്പോര്‍ട്ട് തയ്യാറാക്കി ഉന്നത അധികാരികള്‍ക്ക് അയക്കുമെന്ന് ജില്ലാ ആശുപത്രി അധികൃതര്‍ അറിയിച്ചു.

തുടര്‍ച്ചയായ വയറുവേദനയ്ക്ക് ഡോക്ടര്‍ കുറിച്ച് നല്‍കിയ മരുന്നുകളൊന്നും ഫലിക്കാതെ വന്നതോടെയാണ് കമല ബായ് എന്ന 44കാരി സ്‌കാന്‍ ചെയ്തത്. അപ്പോഴാണ് കത്രിക കണ്ടെത്തിയത്. വയറ്റില്‍ ലോഹവസ്തുവാണ് ആദ്യം കണ്ടതെന്നും പിന്നീടത് കത്രികയാണെന്ന് തെളിഞ്ഞതായും സ്‌കാന്‍ ചെയ്ത സതീഷ് ശര്‍മ പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് ഗ്വാളിയോറിലെ ഒരു ആശുപത്രിയില്‍ കമലയ്ക്ക് ശസ്ത്രക്രിയ ചെയ്തിരുന്നുവെന്ന് കുടുംബം പറയുന്നു. അന്നു മുതല്‍ നിരന്തരം വയറുവേദന അനുഭവപ്പെട്ടു. മരുന്ന് കഴിച്ചിട്ടും മാറ്റമുണ്ടാകാതിരുന്നതോടെയാണ് സ്‌കാന്‍ ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ അബദ്ധത്തില്‍ കത്രിക വയറിനുള്ളില്‍ മറന്നതാണെന്നാണ് സംശയം. ഗുരുതരമായ വീഴ്ചയ്ക്ക് ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമലയുടെ കുടുംബം ആവശ്യപ്പെട്ടു.