അനിശ്ചിതത്വത്തിന് ഒടുവില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസിന്റെ പേര് പാര്‍ട്ടി അംഗീകരിച്ചതായി മുതിര്‍ന്ന ബിജെപി നേതാവ്. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നിയമസഭാ കക്ഷിനേതാവിനെ തിരഞ്ഞെടുക്കാന്‍ ബിജെപി എംഎല്‍എമാര്‍ ഇന്നോ, നാളെയോ യോഗം ചേരുമെന്നും മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. ഇത് ജനകീയ സര്‍ക്കാരാണെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും ഷിന്‍ഡെ പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ബിജെപി നേതാവ് മുഖ്യമന്ത്രിയായി ഫഡ്നാവിസിന്റെ പേര് അംഗീകരിച്ചെന്ന കാര്യം വ്യക്തമാക്കിയത്. ജന്മനാടായ സത്താറയില്‍ നിന്ന് മുംബൈയില്‍ തിരിച്ചെത്തിയ ഷിന്‍ഡെ ഇന്നു സഖ്യകക്ഷി നേതാക്കളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തേക്കും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫഡ്നാവിസിനു തന്നെയാണു മുന്‍തൂക്കമെങ്കിലും ഔദ്യോഗിക തീരുമാനം ഉണ്ടാകാത്തതിനാല്‍ അപ്രതീക്ഷിത പ്രഖ്യാപനങ്ങള്‍ക്കുള്ള സാധ്യത പലരും സംശയിക്കുന്നു. കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധര്‍ മോഹോളിന്റെ പേര് ചര്‍ച്ചകളില്‍ സജീവമാണ്. ബിജെപി മുംബൈ ഘടകം അധ്യക്ഷന്‍ ആശിഷ് ഷേലാര്‍, ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ, എംഎല്‍എ രവീന്ദ്ര ചവാന് എന്നീ പേരുകളും ചര്‍ച്ചകളില്‍ ഉയര്‍ന്നു.
എന്നാല്‍, ഫഡ്നാവിസിനെയാണ് ആര്‍എസ്എസ് പിന്തുണയ്ക്കുന്നത്. ആഭ്യന്തരവകുപ്പ്, ഉപമുഖ്യമന്ത്രിസ്ഥാനം എന്നീ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ഷിന്‍ഡെ, മകനും കല്യാണ്‍ എംപിയുമായ ശ്രീകാന്ത് ഷിന്‍ഡെയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇതിന് ബിജെപി അര്‍ധ സമ്മതം മൂളിയതായി റിപ്പോര്‍ട്ടുണ്ട്.