India

ഫെംഗൽ ന്യൂനമർദമായി; വെള്ളപ്പൊക്ക ദുരിതത്തിൽ പുതുച്ചേരി; തിരുവണ്ണാമലയിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

പുതുച്ചേരി: ഫെംഗൽ ചുഴലിക്കാറ്റിനോടനുബന്ധിച്ചുള്ള കനത്ത മഴയിൽ പുതുച്ചേരി മുങ്ങി. നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളിൽ ഒരു നിലയോളം വെള്ളംകയറി. ബൈക്കുകളും കാറുകളും ഒലിച്ചുപോയി. വെള്ളപ്പാച്ചിലിൽപ്പെട്ട് രണ്ടു പേർ മരിച്ചു. ഒരാൾ ഷോക്കേറ്റും മരിച്ചു. വെള്ളം കയറിയ വീടുകളിലും അപ്പാർട്ട്‌മെന്റുകളിലും കുടുങ്ങിയവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നത് തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും എത്തി. 1000-ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ കനത്ത മഴയെത്തുടർന്നുള്ള മണ്ണിടിച്ചിലിൽ കാണാതായവർക്കുള്ള രക്ഷാപ്രവർത്തനം തുടരുന്നു. ഫെംഗൽ ചുഴലിക്കാറ്റിനു പിന്നാലെ ഞായറാഴ്ച പെയ്ത ശക്തമായ മഴയെത്തുടർന്ന് തിരുവണ്ണാമലൈ ജില്ലയിലെ അണ്ണാമലൈയാറിലെ വി.ഒ.സി. നഗറിലാണ് മണ്ണിടിച്ചിലുണ്ടായത്.

30 വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ മഴയാണ് കഴിഞ്ഞ ഒരു ദിവസം പുതുച്ചേരിയിൽ രേഖപ്പെടുത്തിയത്. 24 മണിക്കൂറിൽ 48.4 സെന്റീമീറ്റർ മഴ. റെയിൻബോ നഗർ, കൃഷ്ണനഗർ, മേട്ടുപ്പാളയം, ശങ്കർദാസ് സ്വാമികൾ നഗർ, വില്ലിയനൂർ, മണ്ണാടിപ്പേട്ട്, ജീവാനഗർ, കുബേർ നഗർ, രാജരാജേശ്വരി നഗർ എന്നിവിടങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയത്. ആശുപത്രികൾ, കടകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലും വെള്ളം കയറി. ശനിയാഴ്ച രാത്രിയിൽ അറ്റുപോയ വൈദ്യുതി ബന്ധം ഞായറാഴ്ചയും പുനഃസ്ഥാപിച്ചില്ല. ചെന്നൈയിൽനിന്ന് പുതുച്ചേരിയിലേക്കുള്ള ഇ.സി.ആർ. റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കോളേജുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഒരു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.