രാജ്യത്തെ സ്ത്രീകള്‍ക്കുള്ള 2024-ലെ മികച്ച 50 ജോലിസ്ഥലങ്ങളില്‍ ഒന്നായി തോട്ടം മേഖലയിലെ പ്രമുഖ സ്ഥാപനമായ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് (എച്ച്എംഎല്‍) തിരഞ്ഞെടുക്കപ്പെട്ടു. തൊഴിലിട സംസ്‌കാരത്തെയും ജീവനക്കാരുടെ അനുഭവങ്ങളെയും സംബന്ധിച്ച് ആഗോള തലത്തില്‍ അധികാരമുള്ള ഗ്രേറ്റ് പ്ലേയ്‌സസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് (ജിപിടിഡബ്ല്യൂ) ആണ് ഈ സുപ്രധാന നേട്ടത്തിന് എച്ച്എംഎല്ലിനെ തെരഞ്ഞെടുത്തത്.
സ്ത്രീകള്‍ക്ക് അനുകൂലമായ ജോലി സംസ്‌കാരം സൃഷ്ടിക്കുന്നതിലും തൊഴിലിടത്ത് അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്ന അന്തരീക്ഷം ഒരുക്കി നല്‍കുന്നതിലും എച്ച്എംഎല്‍ നടത്തുന്ന പരിശ്രമങ്ങളാണ് ഈ നേട്ടത്തിന് അര്‍ഹമാക്കിയത്.
ജീവനക്കാരുടെ വൈകാരികവും ശാരീരികവും സാമ്പത്തികവുമായ അഭിവൃദ്ധിയിലൂടെ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് തങ്ങള്‍ ലക്ഷ്യമിടുന്നതായി എച്ച്എംഎല്‍ സിഇഒ ചെറിയാന്‍ എം ജോര്‍ജ് പറഞ്ഞു. ഈ അവാര്‍ഡ് നേട്ടത്തില്‍ തങ്ങള്‍ അഭിമാനിക്കുന്നു. ജീവനക്കാരുടെ അര്‍പ്പണമനോഭാവവും സേവനസന്നദ്ധതതയും പ്രതിഫലിപ്പിക്കുന്നതാണ് ഓരോ ബഹുമതികളെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മികച്ച ജോലി സ്ഥലത്തെപ്പറ്റി ജിപിടിഡബ്ല്യൂ 1,700 കമ്പനികളില്‍ ഈ വര്‍ഷം നടത്തിയ സര്‍വേയില്‍ എച്ച്എംഎല്‍ 34-ാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. നവീന തൊഴില്‍ സംസ്‌കാരം വളര്‍ത്തുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച 50 ജോലിസ്ഥലങ്ങളില്‍ ഒന്നായും മില്ലേനിയലുകള്‍ക്ക് (1981-1996 കാലഘട്ടത്തില്‍ ജനിച്ചവര്‍) ഏറ്റവും അനുയോജ്യമായ തൊഴിലിടമായും ജിപിടിഡബ്ല്യൂ എച്ച്എംഎല്ലിനെ അടയാളപ്പെടുത്തുന്നു.
ഇന്ത്യയിലെ പ്രതീക്ഷയര്‍പ്പിക്കാവുന്ന നേതാക്കള്‍ക്കായി ഗ്രേറ്റ് മാനേജേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ജിപിടിഡബ്ല്യൂ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് എച്ച്എംഎല്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ചെറിയാന്‍ എം ജോര്‍ജ് അര്‍ഹനായി എന്നതും ശ്രദ്ധേയമാണ്.
എല്ലാ തൊഴിലിടങ്ങളെയും ജോലി ചെയ്യുന്നതിനുള്ള മികച്ച സ്ഥലമാക്കി രൂപപ്പെടുത്തുക എന്നതാണ് ജിപിടിഡബ്ല്യൂ ലക്ഷ്യം വയ്ക്കുന്നത്. തൊഴില്‍ദാതാവിന്റെ മികവ് ഉയര്‍ത്തിക്കാട്ടുന്നതിനും അനുയോജ്യരായ ജീവനക്കാരെ കണ്ടെത്തുന്നതിനും ജിപിടിഡബ്ല്യു അംഗീകാരങ്ങള്‍ വിലപ്പെട്ടതാണ്.