Movie Reviews

റിലീസിന് മൂന്ന് ദിവസം മാത്രം ! റിലീസിനു മുന്നേ കോടികൾ വാരിക്കൂട്ടി ‘പുഷ്പ 2’

ഇന്ത്യയൊട്ടാകെയുള്ള അല്ലു അർജുൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2: ദി റൂൾ.’ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർക്കുമെന്ന പ്രതീക്ഷയാണ് ചിത്രം നൽകുന്നത്. ഡിസംബർ അഞ്ചിന് തിയേറ്ററിലെത്തുന്ന പുഷ്പ 2ന്റെ പ്രീ-റിലീസ് കളക്ഷൻ ഇതിനകം 13 കോടി രൂപ കടന്നുവെന്നാണ് വിവരം. റിലീസിനു മുന്നേ 4 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റെന്ന ശ്രദ്ധേയമായ നേട്ടവും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം വരെ, ആഭ്യന്തര വിപണിയിൽ 13.44 കോടി രൂപയാണ് പുഷ്പ 2 നേടിയത്. റിലീസ് ദിവസം 13,720 ഷോകളിലായി 4,20,804 ടിക്കറ്റുകൾ ഇതുവരെ വിറ്റുപോയതായി സാക്നിൽക് റിപ്പോർട്ട് ചെയ്തു.

ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനു സമാനമായി ഹിന്ദി പതിപ്പും നേട്ടമുണ്ടാക്കി. 2ഡി ആയും 3 ഡി ആയും പുറത്തിറങ്ങുന്ന ചിത്രം തെലുങ്കിൽ 5.7 കോടി രൂപയും, ഹിന്ദിയിൽ 5.20 കോടി രൂപയും നേടി. ചിത്രത്തിൻ്റെ തമിഴ്, മലയാളം പതിപ്പുകൾ ഇതിനോടകം 12 ലക്ഷം രൂപ നേടിക്കഴിഞ്ഞു. അതേസമയം, ഡൽഹിയിൽ പുഷ്പ 2-ന്റെ ടിക്കറ്റ് നിരക്ക് 1,800 രൂപയായി ഉയർത്തിയിട്ടുണ്ട്. മുംബൈയിലും ബെംഗളൂരുവിലും ചിത്രത്തിന്റെ ഏറ്റവും വിലകൂടിയ ടിക്കറ്റ് നിരക്ക് 1,600, 1,000 രൂപയാണ്.

2021-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘പുഷ്പ: ദി റൈസി’ന്റെ രണ്ടാം ഭാഗമാണ് പുഷ്പ 2: ദി റൂൾ. അല്ലു അർജുനു പുറമെ മലയാളി താരം ഫഹദ് ഫാസിൽ, രശ്മിക മന്ദാന, ജഗദീഷ് പ്രതാപ് ബണ്ഡാരി, സുനിൽ എന്നിവരും ചിത്രത്തിലുണ്ട്. 150 കോടി ബജറ്റിൽ ഒരുക്കിയ പുഷ്പ ആദ്യ ഭാഗം 350.1 കോടി രൂപ ബോക്സ് ഓഫീസിൽ കളക്ടു ചെയ്തിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് അല്ലൂ അർജുൻ സ്വന്തമാക്കിയിരുന്നു.