സിനിമയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നടൻ വിക്രാന്ത് മാസി. സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മികച്ച ചിത്രങ്ങളുമായി കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് ആരാധകരെ നിരാശപ്പെടുത്തി കൊണ്ട് താരത്തിന്റെ പ്രഖ്യാപനം. തന്നെ പിന്തുണച്ച് ജനങ്ങളോട് ഒരുപാട് നന്ദിയുണ്ടെന്നും എന്നാൽ വീട്ടിലേക്ക് മടങ്ങാൻ നേരമായെന്നും നടൻ പറയുന്നു. അടുത്ത വർഷം വീണ്ടും കാണുമെന്നും പിന്തുണയുണ്ടായിരിക്കണമെന്നും വിക്രാന്ത് കൂട്ടിച്ചേർത്തു.
‘എന്റെ കഴിഞ്ഞ കുറച്ച് വർഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണക്ക് നിങ്ങളോരോരുത്തരോടും നന്ദി പറയുന്നു. എന്നാൽ ഞാൻ മുന്നോട്ട് പോകുമ്പോൾ, ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മനസ്സിലാക്കുന്നു. അടുത്ത വർഷം(2025) നമ്മൾ അവസാനമായി വീണ്ടും കാണും. ഇനി വരുന്ന രണ്ട് സിനിമകൾക്ക് ഒരുപാട് വർഷത്തെ ഓർമകളുമുണ്ട്. എല്ലാവവരോടും വീണ്ടും നന്ദി പറയുന്നു. എല്ലാത്തിനും എന്നും കടപ്പെട്ടിരിക്കുന്നു’- വിക്രാന്ത് മാസി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ധൂം മച്ചാവോ ധൂം എന്ന ടെലിവിഷൻ ഷോയിലൂടെയാണ് വിക്രാന്ത് മാസി കരിയർ ആരംഭിച്ചത്. ധരം വീർ, ബാലിക വധു തുടങ്ങിയ ടെലിവിഷൻ പരമ്പരകൾ വൻ വിജയമായിരുന്നു. 2013 ൽ പുറത്തിറങ്ങിയ രൺവീർ സിങ്-സോനാക്ഷി സിൻഹ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ വിക്രമാദിത്യ മോഠ്വനിയുടെ ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തുന്നത്. മിർസാപൂർ പരമ്പരയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത നടന്റെ ട്വൽത് ഫെയ്ൽ ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും വലിയ ചർച്ചയായിരുന്നു. സെക്ടര്‍ 36, സബര്‍മതി എക്സ്പ്രസ് എന്നീ സിനിമകള്‍ വലിയ വിജയം കൈവരിച്ചിരുന്നു.37ാം വയസ്സിലാണ് വിക്രാന്ത് മാസി വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.
content highlight: vikrant-massey-announces-retirement