ഡിസംബർ തുടങ്ങി ഇനി ക്രിസ്മസിന്റെ രാവുകൾ. വൈനിന്റെയും കേക്കിന്റെയും നറുമണം പരക്കുന്ന മഞ്ഞുമൂടിയ രാത്രികൾ,
എന്താണ് ക്രിസ്മസിന്റെ ചരിത്രം. ഈ ക്രിസ്മസ് യേശുക്രിസ്തുവിന്റെ എത്രാമത്തെ ജന്മദിനമാണ്. എന്താണ് ക്രിസ്മസിന്റെ അര്‍ത്ഥം. തുടങ്ങി നിരവധി കാര്യങ്ങള്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ നാം അറിയേണ്ടതായിട്ടുണ്ട്. യേശു ക്രിസ്തുവിന്റെ ജന്മദിനമാണ് ലോകമെങ്ങും ക്രിസ്മസായി കൊണ്ടാടുന്നത്. എന്നാൽ ക്രിസ്തു ജനിച്ചത് എന്നാണ് എന്നറിയാമോ. ക്രിസ്തുവിന്റെ യഥാര്‍ഥ ജന്മദിനം ഏതെന്ന കാര്യത്തില്‍ ചരിത്രകാരന്മാര്ക്ക് വ്യക്തതയില്ല.
എന്നാൽ,
ക്രിസ്തുമസ് എന്ന് പറഞ്ഞാൽ ക്രിസ്തുവിന്റെ ജനനദിവസം എന്നാണോ അർത്ഥം. അല്ല. പക്ഷെ ഇന്ന് സർവ്വസാധാരണമായി നമ്മൾ ക്രിസ്തുവിന്റെ പിറവിത്തിരുന്നാൾ എന്നാണ് മനസിലാക്കുന്നത്.
ആംഗ്ലോ-സാക്സണിലുള്ള ക്രിസ്റ്റ് മെസ്സേ (Christmaesse) യാണ് ഇംഗ്ലീഷിൽ ക്രിസ്തുമസ് ആയത്. ക്രിസ്തുവിന്റെ പിറവിയുടെ ഓർമദിവസം നടത്തുന്ന കുർബാന എന്നാണ് അതിന്റെ അർത്ഥം. ലത്തീനിൽ മീസാ കുർബാന എന്നാണ്. ഈ വാക്കാണ് മെസ്സെ എന്ന് ആംഗ്ലോ-സാക്സണിൽ കാണുന്നത്. പിന്നീട് ഇത് ഇംഗ്ലീഷിൽ മാസ്സ് ആയി തീർന്നു. ലത്തീനിൽ മീസാ എന്നും ഫ്രഞ്ചിലും ജർമനിയിലും messe എന്നും ആണ്. മീസ എന്ന വാക്കിന് ‘അയക്കപെട്ടത്’ എന്നാണ് അർത്ഥമുള്ളത്. ലത്തീൻ ക്രമത്തിൽ കുർബാനയുടെ അവസാനം “ഈത്തേ (കോൺഗ്രിഗാസിയോ) മീസ്സാ എസ്ത് ” എന്ന് പറയുന്നുണ്ട്. പോകുവിൻ (സമൂഹം) അയക്കപ്പെട്ടിരിക്കുന്നു. മധ്യയുഗത്തിൽ മീസ്സാ എന്ന വാക്ക് കുർബാന എന്ന അർത്ഥത്തിൽ ഉപയോഗിച്ച് തുടങ്ങി. ലത്തീനിൽ അഭിഷിക്തൻ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ക്രിസ്തൂസ് എന്ന വാക്കിന്റെ കൂടെ മീസ്സാ എന്ന വാക്കും കൂടി ചേർന്നുണ്ടായതാണ് ക്രിസ്തുമസ്.
സുറിയാനി നസ്രാണികളായ നമ്മൾ പണ്ട് ക്രിസ്തുവിന്റെ പിറവിത്തിരുന്നാളിനെ വിളിച്ചിരുന്നത് യൽദാപെരുന്നാൾ എന്നാണ്. പിറവി എന്നാണ് യൽദാ എന്ന സുറിയാനി പദത്തിന്റെ അർത്ഥം. ക്രിസ്തുമസ്, ക്രിസ്ത്യാനി തുടങ്ങിയ പദങ്ങൾ ഒക്കെ നമ്മുക്ക് തികച്ചും ആധുനികം ആണ്. മുൻപ് നമ്മൾ അറിയപ്പെട്ടിരുന്നത് നസ്രായികൾ , നസ്രാണികൾ എന്നൊക്കെ ആണ്. നസ്രാണികളായ നമ്മൾ ക്രിസ്തുമസ് എന്ന് പറഞ്ഞു തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിൽ ഇംഗ്ലീഷുകാർ വന്നതിനു ശേഷം ആണ്. പോർട്ടിഗീസുകാരുടെ സമയത്തു ക്രിസ്തുമസിന് ‘നത്താൾ’ എന്നാണ് പറഞ്ഞിരുന്നത്. 1665-ൽ അന്തിയോക്യൻ സഭ കേരളത്തിൽ വന്നശേഷമുള്ള പടിഞ്ഞാറൻ സുറിയാനിയുടെ സ്വാധീനത്താൽ കേരളത്തിലെ യാക്കോബായക്കാർ ക്രിസ്തുമസിനെ ‘യൽദോതിരുന്നാൾ’ എന്നാണ് വിളിക്കുന്നത്.
ക്രിസ്മസിനോടൊപ്പമുള്ള സാന്താക്ളോസ് അപ്പൂപ്പനുപിന്നിലും ഒരു ചരിത്രമുണ്ട്. എ.ഡി നാലാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറില്‍ ജീവിച്ചിരുന്ന നിക്കോളാസിനെ വി.നിക്കോളാസാക്കിയിരുന്നു ഇദ്ദേഹമാണ് കാലക്രമത്തിൽ സാന്താക്ളോസായി മാറിയത്. ഡിസംബര്‍ ആറിനാണ് വിശുദ്ധ നിക്കോളസിന്റെ അനുസ്മരണദിനം. ഡച്ചുകാരാണ് സാന്താക്ളോസ് അപ്പൂപ്പന്, ക്രിസ്മസ് പപ്പാ, അങ്കിള്‍ സാന്താക്ളോസ് എന്നിങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്ന പപ്പാഞ്ഞിയെ ലോകവ്യാപകമായി പ്രചാരത്തിലാക്കിയത്.
എട്ടാം നൂറ്റാണ്ടിലാണ് ക്രിസ്മസ് മരം എന്ന രീതി ജര്‍മ്മനിയിൽ ആരംഭിച്ചത്. ജര്‍മന്‍കാര്‍ ക്രിസ്മസ് നാളുകളില്‍ പിരമിഡ് ആകൃതിയുള്ള മരങ്ങള്‍ അലങ്കരിക്കുന്ന ഈ രീതി പിന്നീട് പ്രചാരത്തിലാക്കി. ക്രിസ്തു ജനിച്ചപ്പോള്‍ കാണാന്‍ കിഴക്കുനിന്ന് എത്തിയ മൂന്ന് ജ്ഞാനികളെ പറ്റി സുവിശേഷങ്ങളിൽ പറയുന്നുണ്ട്. അവര്‍ക്ക് വഴികാട്ടിയായ വാൽനക്ഷത്രത്തെ അനുസ്മരിച്ചാണ് നക്ഷത്രം തൂക്കുന്ന പതിവ് ആരംഭിച്ചത്. പേഗന്‍ വംശജര്‍ ശൈത്യകാലത്തെ വരവേല്‍ക്കാനായി ഉപയോഗിച്ചിരുന്നത് ഫര് എന്ന വൃക്ഷമായിരുന്നു. അതിൽ നിന്നാണ് ക്രിസ്മസ് ട്രീ വന്നതെന്നും പറയപ്പെടുന്നുണ്ട്.