റിട്ടയര്‍മെന്റ് പ്ലാനിങ്ങില്‍ ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ പിന്നിലാണെന്ന് പഠനം. മാക്സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ നാലാമത് ഇന്ത്യ റിട്ടയര്‍മെന്റ് ഇന്‍ഡക്സ് പഠന പ്രകാരം ദക്ഷിണേന്ത്യയിലെ റിട്ടയര്‍മെന്റ് തയാറെടുപ്പ് സ്കോര്‍ ഇക്കൊല്ലവും 48ല്‍ തന്നെ മാറ്റമില്ലാതെ തുടരുകയാണ്. ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മില്‍ സ്കോറില്‍ കാര്യമായ മാറ്റമില്ലെങ്കിലും ഇന്ത്യയുടെ കിഴക്കന്‍ (സ്കോര്‍ 54), പടിഞ്ഞാറന്‍ (49) ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണേന്ത്യ പിന്നിലാണ്. കാന്താര്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് പഠനം നടത്തിയത്.
വിരമിക്കലിന് വേണ്ടി ഒരു വ്യക്തി സാമ്പത്തികമായും ശാരീരികമായും വൈകാരികമായും നടത്തുന്ന തയ്യാറെടുപ്പുകളാണ് പഠനത്തിന്റെ മാനദണ്ഡം. സാമ്പത്തിക തയാറെടുപ്പിന്റെ കാര്യത്തില്‍ 49, ആരോഗ്യകാര്യത്തില്‍ 45, വൈകാരികമായ തയ്യാറെടുപ്പില്‍ 60 എന്നിങ്ങനെയാണ് ദക്ഷിണേന്ത്യന്‍ മേഖലയുടെ സ്കോര്‍. സാമ്പത്തികവും ആരോഗ്യസംബന്ധവുമായ രംഗങ്ങളില്‍ ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്ന് സൂചിക വ്യക്തമാക്കുന്നു. ഈ മേഖലയില്‍ 42% ആളുകളും വിരമിക്കലിന് വേണ്ടി സമ്പാദ്യമൊന്നും മാറ്റിവെച്ചിട്ടില്ലെന്ന് കണ്ടെത്തി. ചികിത്സാചിലവുകളും (81%) പണപ്പെരുപ്പവുമാണ് (80%) മിക്ക ആളുകളും പ്രധാനവെല്ലുവിളിയായി കണക്കാക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 62% പേരും ലൈഫ് ഇന്‍ഷുറന്‍സാണ് വിരമിക്കലിന് വേണ്ടിയുള്ള ഏറ്റവും മികച്ച നിക്ഷേപ മാര്‍ഗമെന്ന് അഭിപ്രായപ്പെട്ടു.
ജനങ്ങള്‍ക്കിടയില്‍ ഇത്തരം പദ്ധതികളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തത് കൊണ്ടാണ് നിക്ഷേപകരുടെ എണ്ണം കുറയാന്‍ കാരണമെന്ന് മാക്സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫിസര്‍ രാഹുല്‍ തല്‍വാര്‍ പറഞ്ഞു.