1887 മെയ് 20നു കോട്ടയം വികാരിയാത്ത് എന്ന നിലയിലാണ് ഇന്നത്തെ ചങ്ങനാശേരി അതിരൂപതയുടെ ആരംഭം.
ഫ്രഞ്ച് വാസ്തുവിദ്യയിൽ
നിർമിച്ച അതിരൂപതാഭവനം, പൗരാണികതയും അതിരൂപതയുടെ പ്രൗഢിയും വിളിച്ചോതുന്നതാണ്. ഫ്രാൻസുകാരനായ ഈശോസഭാംഗം (ജെസ്യൂട്ട്) ഡോ. ചാൾസ് ലവീഞ്ഞാണ് വികാരി അപ്പോസ്തലിക്ക ആണ് നിയമിതനായത്.
അദ്ദേഹം തൻ്റെ ആസ്ഥാനം പണിയുന്നതിന് കോട്ടയത്തും കുറവിലങ്ങാട്ടും മറ്റിടങ്ങളിലും സ്ഥലം അന്വേഷിച്ചു. എന്നാൽ യോജ്യമായതും മനസ്സിനണങ്ങിയതുമായ സ്ഥലം ലഭിച്ചില്ല. പ്രധാനപ്പെട്ട കത്തോലിക്കാ കേന്ദ്രത്തിലാകണം ആസ്ഥാനമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ ചങ്ങനാശേരി പള്ളി വികാരി ഫാ.സിറിയക് കണ്ടങ്കരി ലവീഞ്ഞിന്റെ അൻപതാം ജന്മദിനാഘോഷം ചങ്ങനാശേരിയിൽ ക്രമീകരിച്ചു. ഇതിനായി എത്തിയ ലവീഞ്ഞിനു ചങ്ങനാശേരി പള്ളിയും കത്തോലിക്ക സാന്നിധ്യവും ഇഷ്ടപ്പെട്ടു. തുടർന്ന് ഫാ.കണ്ടങ്കരി പള്ളിയിൽനിന്ന് അധികം അകലെയല്ലാത്ത ഇരുമ്പനക്കുന്ന് എന്ന സ്ഥലം കാട്ടികൊടുത്തു. ഇവിടം ഇഷ്ടപ്പെട്ട ലവീഞ്ഞ് ആസ്ഥാനം നിർമ്മിക്കുകയും ചെയ്തു.
ഇന്ന് ചങ്ങനാശേരി വാഴൂർ റോഡിൽ കുന്നിൻ മുകളിൽ തലയെടുപ്പോടെ നിലകൊള്ളുന്ന അതിരൂപതാ ആസ്ഥാനമാണിത്. ആദ്യ കെട്ടിടത്തിൻ്റെ പണി പൂർത്തിയാക്കിയത് മാർ തോമസ് കുര്യാളശേരിയാണ്. പഴയ അരമന ചാപ്പലും ഊട്ടുമുറിയും അടങ്ങുന്ന ഭാഗം മാർ ആൻ്റണി പടിയറയും തുടർന്നുള്ള ഭാഗം മാർ ജോസഫ് പൗവത്തിലും പൂർത്തിയാക്കി.
തൃശ്ശൂർ അതിരൂപതയും ഇതെ ദിവസം തന്നെയാണ് നിലവിൽ വന്നത്. അന്ന് കോട്ടയം എന്നായിരുന്നു രൂപതയുടെ പേരെങ്കിലും അടുത്ത വർഷം (1888) പേർ ചങ്ങനാശ്ശേരി എന്നാക്കി മാറ്റി. അതിനെ ത്തുടർന്ന് രൂപത ആസ്ഥാനം 1891-ൽ ഇന്നു കാണുന്ന അതിരൂപതാസ്ഥാനത്തേക്ക് (ചങ്ങനാശ്ശേരി – വാഴൂർ റോഡിൽ) മാറ്റി സ്ഥാപിച്ചു. ചങ്ങനാശ്ശേരി രൂപതയും തൃശ്ശൂർ രൂപതയും മാത്രമായിരുന്നു അന്ന് കേരളത്തിൽ ഉണ്ടായിരുന്ന രൂപതകൾ. ഈ രൂപതകൾ ഉണ്ടായി 9 വർഷങ്ങൾക്കു ശേഷം ചങ്ങനാശ്ശേരിയിലേയും തൃശ്ശൂരിലേയും കുറച്ചു ഭാഗങ്ങൾ ചേർത്ത് എറണാകുളം രൂപത ഉണ്ടാക്കി.