Kerala

നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

സ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചത്. പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. ആഭ്യന്തര ഉല്‍പാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാല്‍ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധന ജനങ്ങള്‍ക്ക് സ്വാഭാവികമായും വിഷമമുണ്ടാക്കുമെന്നും നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവാത്ത രീതിയില്‍ നിരക്ക് വര്‍ധിപ്പിക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. റെഗുലേറ്ററി കമ്മീഷന്‍ ഹിയറിംഗ് കഴിഞ്ഞുവെന്നും റെഗുലേറ്ററി കമീഷന്‍ ഉടന്‍ കെഎസ്ഇബിക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും മന്ത്രി അറിയിച്ചു. റെഗുലേറ്ററി കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും കെ കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

അഭ്യന്തര ഉത്പാദനം കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. 70 ശതമാനം വൈദ്യുതി സംസ്ഥാനം പുറത്ത് നിന്ന് വാങ്ങുകയാണ്. ഉത്പാദനം വര്‍ധിപ്പിക്കാന്‍ കേരളത്തില്‍ സാധ്യതകള്‍ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.സര്‍ക്കാരുമായും ഉപഭോക്താക്കളുമായും ചര്‍ച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കള്‍ക്ക് പോറലേല്‍ക്കാതെയായിരിക്കും നിരക്കുവര്‍ധനവ് ഉണ്ടാകുക. സമ്മര്‍ താരിഫും കൊണ്ടുവരുന്നത് ആലോചനയിലുണ്ട്.

വേനല്‍കാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയാണ്. ഇത് മറികടക്കാനാണ് സമ്മര്‍ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവിന് പുറമെ വേനല്‍ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്. ഹൈഡ്രല്‍ പ്രോജക്റ്റുകള്‍ പൂര്‍ത്തിയാവത്തത് തിരിച്ചടിയാണെന്നും ഹൈഡ്രല്‍ പ്രോജക്റ്റുകള്‍ പ്രതിഷേധങ്ങള്‍ കൊണ്ട് നിലച്ചുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം വൈദ്യുതി സര്‍ചാര്‍ജ് ഈമാസം കൂടി യൂണിറ്റിന് 19 പൈസവീതമാണ് ഈടാക്കാന്‍ റഗുലേറ്ററി കമ്മിഷന്‍ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഒക്ടോബറില്‍ ചെലവിട്ട 27.43 കോടി രൂപയുടെ ബാധ്യത തീര്‍ക്കാന്‍ യൂണിറ്റിന് 10 പൈസയും, ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ളയുള്ള അധികച്ചെലവ് നികത്താന്‍ കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് വൈദ്യുതി ബോര്‍ഡ് ഈടാക്കുന്ന ഒന്‍പതുപൈസയും ചേര്‍ത്താണ് ഇത്.

Tags: Kerala