Features

ഡല്‍ഹിയില്‍ ആം ആദ്മി ‘കൈ’ വിട്ടു; സഖ്യകക്ഷികളുടെ ആവശ്യം കണ്ടറിയാതെ കോണ്‍ഗ്രസ് വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നു

ഇന്ത്യ മുന്നണിയിലെ പ്രബലരായ രണ്ടു പാര്‍ട്ടികള്‍, കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും. ഇന്ത്യ മുന്നണിയില്‍ പ്രബലരെങ്കിലും രാജ്യത്ത് കോണ്‍ഗ്രസിന് തന്നെയാണ് മുന്‍തൂക്കം. ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയിലും പഞ്ചാബിലും ഭരണം കൈയ്യാളുന്നത് ഒഴിച്ചാല്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയൊരു ചലനം സൃഷ്ടിക്കാന്‍ എഎപിക്ക് സാധിച്ചിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും അതായത് ഇന്ത്യയൊട്ടൊ സ്വാധീനമുള്ള ഏറ്റവും വലിയ പാര്‍ട്ടികളില്‍ ഒന്നു തന്നെയാണ് കോണ്‍ഗ്രസ്, അതിനെടുത്ത് പറയാന്‍ ഉള്ളത് പതിറ്റാണ്ടുകളുടെ പാരമ്പര്യവും. ദേശീയ തലസ്ഥാനത്തെ രാഷ്ട്രീയവും മുഖ്യമന്ത്രി കസേരയുമെല്ലാം എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. ആം ആദ്മി പാര്‍ട്ടി നേടിയെടുത്ത വമ്പന്‍ ജനപ്രീതി നിലനിര്‍ത്താനുളള പോരാട്ടം, അതായത് ഡല്‍ഹ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത് അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ്. അതിനു രണ്ടു മാസം മുന്‍പ് കൃത്യമായ പ്ലാനിങ്ങോടെ എഎപി മുന്നേറുമ്പോള്‍, തൊട്ടതെല്ലാം നശിപ്പിക്കുകയാണ് കോണ്‍ഗ്രസെന്ന പറയാതെ വയ്യ.

ഇപ്പോള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ പകുതിയും ഇന്ത്യ സഖ്യത്തിലെ ആംആദ്മി- കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ചാണ്. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഒരു സഖ്യവും ഉണ്ടാകില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ ഞായറാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പറഞ്ഞത്. ഡല്‍ഹിയില്‍ ഇന്ത്യ മുന്നണിയില്‍ ചേര്‍ന്ന് മത്സരിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. സാഹചര്യം ഇപ്പോള്‍ കേരളത്തിന് സമാനമായെന്ന രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കേരളത്തില്‍ ഇടതുമുന്നണി പ്രത്യേകിച്ച് സിപിഎമ്മും, സിപിഐയും ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ചേരിക്കൊപ്പമാണ് നില്‍ക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇടതുമുന്നണിയുടെ പ്രധാന എതിരാളികള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫാണ്. അതേ രാഷ്ട്രീയ സാഹചര്യമാണ് ഡല്‍ഹിയില്‍ ഇപ്പോള്‍ വന്നു സംജ്ജാതമായിരിക്കുന്നത്.

എന്തു പറ്റി എഎപിയ്ക്ക് ?

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സഖ്യമുണ്ടാക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഒന്നും നടന്നില്ല. ഹരിയാനയില്‍ സഖ്യമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ രണ്ടും (ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും) ഗുണം ചെയ്യുമായിരുന്നു. അതേസമയം കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങള്‍ മുഴുവന്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയാണ് തൂത്ത് വാരിയത്. എഎപി-കോണ്‍ഗ്രസ് സഖ്യത്തിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏഴില്‍ ഒരു സീറ്റ് പോലും ലഭിച്ചില്ല. ഇരുവരും തെരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിച്ചവരാണ് പഞ്ചാബില്‍. ഈ ഉയര്‍ച്ച താഴ്ചകളുടെ ‘സൗഹൃദം’ ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ളതാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ബി.ജെ.പിക്കെതിരെ രൂപീകരിച്ച ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസിനും എ.എ.പി.ക്കും എന്തുകൊണ്ട് ഒരുമിച്ചുകൂടാന്‍ കഴിയുന്നില്ല എന്നതാണ് പ്രസക്തമായ ചോദ്യം. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിക്ക് 1.79 ശതമാനം വോട്ടാണ് ലഭിച്ചത് . ബിജെപിക്ക് 39.94 ശതമാനം വോട്ടും കോണ്‍ഗ്രസിന് 39.09 ശതമാനം വോട്ടും ലഭിച്ചു. 90ല്‍ 48 സീറ്റും നേടിയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. അതേസമയം കോണ്‍ഗ്രസിന് 37 സീറ്റില്‍ തൃപ്തിപ്പെടേണ്ടി വന്നു. എഎപിക്ക് അക്കൗണ്ട് പോലും തുറക്കാന്‍ സാധിച്ചില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വോട്ടുകളുടെ വ്യത്യാസം 0.85 മാത്രമായിരുന്നു.


എഎപിയും കോണ്‍ഗ്രസും ഒന്നിച്ചിരുന്നെങ്കില്‍ ഹരിയാനയില്‍ ബിജെപിക്ക് നേട്ടമുണ്ടാകില്ലായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എഎപിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യമില്ലെന്ന ചോദ്യത്തിന്, ‘ഇരുവര്‍ക്കും (എഎപിക്കും കോണ്‍ഗ്രസിനും) ഒരേ അടിത്തറയാണുള്ളത്, ഞങ്ങള്‍ വളരണമെന്ന് ഇരുവരും ആഗ്രഹിക്കുന്നു, അതിനാലാണ് എങ്ങനെ സഹകരിക്കണമെന്ന കാര്യത്തില്‍ ധാരണയില്ല. എഎപി വളര്‍ന്നാല്‍ അത് കോണ്‍ഗ്രസിന്റെ പ്രദേശത്ത് വളരും, കോണ്‍ഗ്രസ് വളര്‍ന്നാല്‍ എഎപിയുടെ വളര്‍ച്ച നിലയ്ക്കും. ഇതുമൂലം ഇരുവരും തമ്മിലുള്ള ഒത്തുതീര്‍പ്പ് ഡല്‍ഹിയില്‍ സാധ്യമല്ല. കോണ്‍ഗ്രസ് മൂന്ന് ടേമുകളിലായി 15 വര്‍ഷം ഭരിച്ച സംസ്ഥാനമാണ് ഡല്‍ഹി. ഷീല ദീക്ഷിത് അവിടെ അനിഷേധ്യ നേതാവായി തുടര്‍ന്നു. എന്നാല്‍ ലോക്പാല്‍ ബില്ലും അന്നാ ഹസാരയുടെ സമരവും പിന്നീട് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ദേശീയ തലത്തില്‍ നടന്ന സമരങ്ങള്‍ക്ക് അണ്ണാ ഹസാരയ്‌ക്കൊപ്പം നിന്ന അരവിന്ദ കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ച് ഡല്‍ഹി ഭരണം പിടിച്ചെടുക്കുകയായിരുന്നു. അന്ന് കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കിക്കൊണ്ടാണ് ആം ആദ്മി എന്ന എഎപി തേരോട്ടം നടത്തിയത്. ബിജെപി അവരുടെ പരമ്പരാഗത വോട്ടുകള്‍ നിലനിര്‍ത്തി പോവുകയും ചെയ്യുന്നു. കോണ്‍ഗ്രസ് ഡല്‍ഹിയില്‍ അപ്രസക്തമായി മാറിയ കാഴ്ച ഞെട്ടലോടെയാണ് എഐസിസി നോക്കിക്കണ്ടത്.

എന്തുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള ‘സൗഹൃദം’ രൂപപ്പെടുകയും തകരുകയും ചെയ്യുന്നത്?

2013ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 70ല്‍ 28 സീറ്റും ആം ആദ്മി പാര്‍ട്ടി നേടിയിരുന്നു. 31 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ കക്ഷിയായി. ഇതിന് പിന്നാലെ കോണ്‍ഗ്രസ് എഎപിയെ പിന്തുണച്ച് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായി. 50 ദിവസം പോലും ഭരിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാം, പക്ഷേ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചത് തീര്‍ച്ചയായും അല്‍പ്പം ഞെട്ടിക്കുന്നതായിരുന്നു. പിന്നീട് വീണ്ടും തെരഞ്ഞെടുപ്പ് നടന്ന ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി 70 ല്‍ 68 സീറ്റ് നേടി തീര്‍ത്തും അപ്രമാദിത്യത്തോടെ ഭരണത്തില്‍ കയറി. അവിടെ തകര്‍ന്നത് ശരിക്കും കോണ്‍ഗ്രസായിരുന്നു. അവരുടെ വോട്ടുകള്‍ കൃത്യമായി എഎപിയുടെ പെട്ടയില്‍ വീണു. 2020 നടന്ന തെരഞ്ഞെടുപ്പിലും ആം ആദ്മി വ്യക്തമായ മുന്നേറ്റം തന്നെയാണ് നടത്തിയത്. 70ല്‍ 62 സീറ്റ് നേടി വീണ്ടും ഡല്‍ഹിയില്‍ അനിഷേധ്യ സാന്നിധ്യമായി മാറി. ആം ആദ്മി ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെങ്കിലും ഡല്‍ഹിയില്‍ വേറിട്ടാണ് മത്സരിക്കുന്നത്. പുതിയ ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസും -എഎപിയും ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ദോഷം ആം ആദ്മിക്കായിരിക്കും. അവരുടെ നല്ലൊരു ശതമാനം സീറ്റം നഷ്ടമാകും. കോണ്‍ഗ്രസുമായി ഒരു ഫോര്‍മുലവെച്ചാല്‍ 70 സീറ്റില്‍ 40-30 എന്നതായിരിക്കും കോണ്‍ഗ്രസിന്റെ സ്ട്രാറ്റജി. 30 ല്‍കുറഞ്ഞ് അവര്‍ മത്സരിക്കില്ല. 15 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിച്ചാല്‍ പോലും ക്ഷീണം ആം ആദ്മിക്കാണ് കാരണം നിലവിലെ 62 സീറ്റ് എഎപിയുടെ കൈവശമുണ്ട്. 15 ഫോര്‍മുലയാണെങ്കില്‍ തത്വത്തില്‍ ഏഴ് സീറ്റ് ബലി നല്‍കേണ്ടി വരും. ബിജെപി സ്‌ട്രോങ്ങായാല്‍ ചിലപ്പോള്‍ ഭരണം വരെ ഡല്‍ഹിയില്‍ എഎപിയുടെ കൈയ്യില്‍ നിന്നും പോകും. അതുമാത്രമല്ല പഴയ പാമ്പര്യം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് 25-30 നുമിടയില്‍ സീറ്റ് ആവശ്യപ്പെടാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. അതിനാല്‍ വരുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ ഇന്ത്യ സഖ്യത്തില്‍ എന്തായാലും ആം ആദ്മി ഉണ്ടാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് എന്താണ് പ്രതിസന്ധി?

ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പിന് ശേഷം, ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് വ്യക്തമായി. അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവന ‘ഇന്ത്യ’ സഖ്യത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് വലിയ ചോദ്യചിഹ്നമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിക്ക് കുറച്ച് ഇടം നല്‍കുമെന്ന് അരവിന്ദ് കെജ്രിവാള്‍ ആഗ്രഹിച്ചു, ‘ഇന്ത്യ’യുടെ ഘടകകക്ഷിയായതിനാല്‍, കോണ്‍ഗ്രസ്, അതിന്റെ കെജ്രിവാളിന്റെ ആവശ്യം ആവേശത്തോടെ നിരസിച്ചു. ഇത് ഡല്‍ഹിയില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. മൂന്നാം തവണയും നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ട് തുറക്കാനാകാതെ വന്നേക്കും. വാസ്തവത്തില്‍, 2015 ലും 2020 ലും നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് 70-ല്‍ ഒരു സീറ്റ് പോലും നേടാനായില്ല, മാത്രമല്ല അവരുടെ വോട്ട് ശതമാനം കുറയുകയും ചെയ്തു. പഞ്ചാബില്‍ ഇരുവരും (എഎപിയും കോണ്‍ഗ്രസും) പരസ്പരം പോരടിച്ചിരുന്നു. ഡല്‍ഹിയില്‍ ബിജെപിക്ക് 30 ശതമാനത്തിലധികം വോട്ടര്‍മാരുണ്ടെന്നാണ് ഇതര പാര്‍ട്ടികളുടെ അവലോകനം. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റുകളോടെ 29 ശതമാനത്തിലധികം വോട്ടുകളാണ് എഎപി നേടിയത്. അതേസമയം ബിജെപിയുടെ വോട്ട് കേടുകൂടാതെയിരിക്കുകയും 30 ശതമാനത്തിലധികം വോട്ടുകള്‍ക്ക് 31 സീറ്റുകള്‍ നേടുകയും ചെയ്തു. ഇതുകൂടാതെ കോണ്‍ഗ്രസിന് 24 ശതമാനത്തിലധികം വോട്ടും ലഭിച്ചു. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി 67 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി 3 സീറ്റില്‍ ഒതുങ്ങി. ഇതില്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 10 ശതമാനത്തിനടുത്തായിരുന്നു. ഇതില്‍ ബിജെപിയുടെ വോട്ട് ശതമാനവും 30 ശതമാനത്തിലേറെയായി തുടര്‍ന്നു. അതേസമയം എഎപിക്ക് 54 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ചു. 2020 ല്‍ 53 ശതമാനത്തിലധികം വോട്ടോടെ 62 സീറ്റുകളാണ് എഎപി നേടിയത്. ഇത്തവണ ബിജെപിക്ക് 35 ശതമാനത്തിലധികം വോട്ട് ലഭിച്ചെങ്കിലും കോണ്‍ഗ്രസിന് അഞ്ച് ശതമാനം പോലും കടക്കാനായില്ല. അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ ആര്‍ക്കൊക്കെ എത്ര സീറ്റ് ലഭിക്കുമെന്ന് വ്യക്തമാകൂ, എന്നാല്‍ കോണ്‍ഗ്രസിന് പാത വളരെ ദുഷ്‌കരമായിരിക്കുമെന്ന് വ്യക്തമാണ്. അവര്‍ക്ക് ഇനി പല സംസ്ഥാനങ്ങളിലും ബിജെപിയെ നേരിടാന്‍ മികച്ച സഖ്യങ്ങള്‍ വേണമെന്നത് അത്യാവശ്യമാണ്. പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പഠിക്കാന്‍ മുതിരാത്ത കോണ്‍ഗ്രസ് ചിത്രത്തില്‍ നിന്നും പുറത്തു പോകുന്ന അവസ്ഥയാണ് സംജ്ജാതമായിക്കൊണ്ടിരിക്കുന്നത്.

 

Latest News