കേരളത്തിന്‍റെ മാരിടൈം മേഖലയുടെ പുരോഗതിക്ക് വിഴിഞ്ഞത്ത് നടപ്പാക്കിയ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃക ഫലപ്രദമാണെന്നും ഭാവിയില്‍ കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളില്‍ ഇത് പരിഗണിക്കുമെന്നും സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കേരള മാരിടൈം ബോര്‍ഡ് (കെഎംബി) ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കേരള മാരിടൈം എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് (കെഎംഇസി 2024) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മാരിടൈം മേഖലയില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതില്‍ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃക നിര്‍ണായക പങ്ക് വഹിക്കും. പിപിപി മാതൃകയിലൂടെ കേരളത്തിലെ മാരിടൈം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. കൊല്ലത്തെ നീണ്ടകര, തൃശ്ശൂരിലെ കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ കേരള മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ (കെഎംഐ) പിപിപി മാതൃക കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഫിഷറീസ്- തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. എസ് ശ്രീനിവാസ് സന്നിഹിതരായിരുന്നു. മാരിടൈമും അനുബന്ധ മേഖലകളിലും വിദ്യാഭ്യാസം, നൈപുണ്യവികസനം നൂതന ആശയരൂപീകരണം എന്നിവയുടെ ഭാവി രൂപപ്പെടുത്തുന്ന കോണ്‍ഫറന്‍സില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാരിടൈം വിദ്യാഭ്യാസത്തിന്‍റെ ഭാവി, തുറമുഖം, ഷിപ്പിംഗ,് മറ്റു അനുബന്ധ മേഖലകളിലെ വിദ്യാഭാസ നൈപുണ്യ സാധ്യതകള്‍ എന്നിവയെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കോണ്‍ഫറന്‍സ് വേദിയായി. മാരിടൈം വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കി സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ ഈ രംഗത്തെ പരിശീലനം, ഗവേഷണം എന്നിവയ്ക്കും നൂതന ആശയങ്ങള്‍ക്കുമുള്ള പാനല്‍ ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ എന്നിവയുമുണ്ടായിരുന്നു.
വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിംഗ് ഈ മാസം തന്നെ നടക്കുമെന്നും പരീക്ഷണ ഘട്ടത്തില്‍ 67 ഓളം കപ്പലുകള്‍ തുറമുഖത്ത് നങ്കൂരമിട്ടതായും മന്ത്രി അറിയിച്ചു. രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേന്ദ്രസര്‍ക്കാര്‍ കേരളത്തെ തിരഞ്ഞെടുത്തിരുന്നു. കെഎംബിയുടെ കീഴില്‍ 17 നോണ്‍ മേജര്‍ തുറമുഖങ്ങളുണ്ട്. കേരളത്തിലെ തീരപ്രദേശം പ്രയോജനപ്പെടുത്തിയാല്‍ അതിലൂടെ വികസനവും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയും സാധ്യമാകും. കേരളത്തെ വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കുന്നതില്‍ കെഎംബിയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് കെഎംഇസി 2024 പരിപാടി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മാരിടൈം വിദ്യാഭ്യാസത്തിലെ മികവിന്‍റെ കേന്ദ്രമായി കേരളത്തെ വികസിപ്പിക്കാനുള്ള യത്നത്തിന്‍റെ ഭാഗമായി കേരള മാരിടൈം ബോര്‍ഡ് തയ്യാറാക്കിയ പുതിയ ലോഗോയും വീഡിയോയും ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു.
രാജ്യത്തിന്‍റെ മാരിടൈം മേഖലയില്‍ വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങള്‍ ഭാവിയില്‍ പ്രധാന പങ്ക് വഹിക്കുമെന്ന് കെ. എസ് ശ്രീനിവാസ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. തുറമുഖ പ്രവര്‍ത്തനങ്ങള്‍, കസ്റ്റംസ്, ലോജിസ്റ്റിക്സ്, മറൈന്‍ സേഫ്റ്റി, കപ്പല്‍ നിര്‍മ്മാണം എന്നിവയില്‍ പ്രത്യേക കോഴ്സുകള്‍ ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കും. മാരിടൈം ടെക്നോളജി പോലുള്ള അനുബന്ധ മേഖലകളില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ വളര്‍ത്തിയെടുക്കണം. അത് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യമാണ്. നീണ്ടകര ഇന്‍സ്റ്റിറ്റ്യൂട്ടിനെ മികവിന്‍റെ കേന്ദ്രമായി ഉയര്‍ത്തി ഭാവിയില്‍ മറൈന്‍ യൂണിവേഴ്സിറ്റിയാക്കി മാറ്റാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോളതലത്തിലെ മാരിടൈം മേഖലയില്‍ ഏറ്റവും മികച്ച സംഭാവന നല്‍കുന്ന അഞ്ച് രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ചടങ്ങില്‍ സംസാരിച്ച ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ ശ്യാം ജഗന്നാഥന്‍ പറഞ്ഞു. മാരിടൈം ഇന്ത്യ വിഷന്‍ 2030 പ്രകാരം നിലവില്‍ ആഗോളതലത്തില്‍ 12.5 ശതമാനം നാവികര്‍ ഇന്ത്യക്കാരാണ്. ഇത് 20 ശതമാനമായി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നു. ഇതിനായി മികച്ച വൈദഗ്ധ്യമുള്ള നാവികരെ സജ്ഞമാക്കേണ്ടതുണ്ട്. പിപിപി മാതൃക നടപ്പിലാക്കുന്നതിലൂടെ നീണ്ടകരയിലും കൊടുങ്ങല്ലൂരിലുമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ടെക്നോളജി കേന്ദ്രീകൃത വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും ഗുണനിലവാരമുള്ള മാരിടൈം വിദ്യാഭ്യാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കെഎംബി ചെയര്‍മാന്‍ എന്‍ എസ.് പിള്ള സ്വാഗതം പറഞ്ഞു. ഐആര്‍എസ്എംഇ ചെയര്‍പേഴ്സണ്‍ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി ബി. കാശിവിശ്വനാഥന്‍, കെഎസ്ഐഎന്‍സി എംഡി ആര്‍. ഗിരിജ, കെഎംബി സിഇഒ ഷൈന്‍ എ ഹഖ് എന്നിവരും സന്നിഹിതരായിരുന്നു.
വേള്‍ഡ് മാരിടൈം യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം സഞ്ജം സാഹി ഗുപ്ത, ഗുജറാത്ത് മാരിടൈം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എസ്. ശാന്തകുമാര്‍, അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ പ്രദീപ് ജയരാമന്‍, ഡിപി വേള്‍ഡ് വല്ലാര്‍പാടം ഐസിടിടി പോര്‍ട്ട് ടെര്‍മിനല്‍ സിഇഒ പ്രവീണ്‍ തോമസ് ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.
മാരിടൈം വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കി സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ ഈ രംഗത്തെ പരിശീലനം, ഗവേഷണം എന്നിവയ്ക്കും നൂതന ആശയങ്ങള്‍ക്കുമുള്ള പാനല്‍ ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ എന്നിവയുമുണ്ടായിരുന്നു.
കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, ഡിപി വേള്‍ഡ്, വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട്, ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റി, എഎംഇടി യൂണിവേഴ്സിറ്റി, അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം, കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.