Kerala

തീവ്രമഴയില്‍ അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി; വൈദ്യുതി അപകടങ്ങളില്‍‍പ്പെടാതിരിക്കുക

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. രാത്രി കാലങ്ങളിലും പുലര്‍‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. പൊട്ടിവീണ ലൈനില്‍ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോകുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്.

മറ്റാരേയും സമീപത്ത് പോകാന്‍ അനുവദിക്കുകയുമരുത്. സര്‍വ്വീസ് വയര്‍, സ്റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളില്‍ സര്‍വ്വീസ് വയര്‍ കിടക്കുക, സര്‍‍വ്വീസ് വയര്‍ ലോഹത്തൂണില്‍ തട്ടിക്കിടക്കുക എന്നീ സാഹചര്യങ്ങളിലും വൈദ്യുതാഘാതമേല്‍ക്കാന്‍‍ സാധ്യതയുണ്ട്. മേല്‍പ്പറഞ്ഞ തരത്തിലുള്ള അപകടമോ അപകട സാധ്യതയോ ശ്രദ്ധയില്‍‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലോ 9496010101 എന്ന എമര്‍ജന്‍സി നമ്പരിലോ വിവരം അറിയിക്കേണ്ടതാണ്.

ഈ നമ്പര്‍ അപകടങ്ങള്‍ അറിയിക്കുവാന്‍‍ വേണ്ടി മാത്രമുള്ളതാണ്. വൈദ്യുതി തകരാര്‍ സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ 1912 എന്ന 24/7 ടോള്‍‍ഫ്രീ കസ്റ്റമര്‍‍കെയര്‍ നമ്പരില്‍ വിളിക്കാവുന്നതാണ്. 9496001912 എന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചും വാട്ട്സാപ്പ് സന്ദേശമായും പരാതി രേഖപ്പെടുത്താന്‍ കഴിയും. ഈ വര്‍‍ഷം ഇതുവരെ നടന്ന 296 വൈദ്യുത അപകടങ്ങളില്‍ നിന്നായി 73 പൊതുജനങ്ങള്‍‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും കെ.എസ്.ഇ.ബി.
CONTENT HIGHLIGHTS; KSEB needs to pay close attention to heavy rains; Avoid electrical hazards