Kerala

കരുവന്നൂർ തട്ടിപ്പു കേസ്; അരവിന്ദാക്ഷന്‍ കുറ്റം ചെയ്തെന്നു കരുതാൻ കാരണമില്ല, ഇഡിക്കെതിരെ ഹൈക്കോടതി – highcourt againsted in karuvannur bank scam case

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ഇഡിക്കെതിരെ ഹൈക്കോടതി. അറസ്റ്റിലായ സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷന്‍ കുറ്റം ചെയ്തെന്നു കരുതാൻ ന്യായമായ കാരണങ്ങളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇന്നു പുറപ്പെടുവിച്ച ജാമ്യ ഉത്തരവിലാണ് 15–ാം പ്രതി അരവിന്ദാക്ഷനും 16–ാം പ്രതി സി.കെ.ജിൽസിനും ജസ്റ്റിസ് സി.എസ്.ഡയസ് 2 ലക്ഷം രൂപയുടെ ആൾജാമ്യമടക്കം കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

പ്രോസിക്യൂഷന്റെ ആരോപണങ്ങളെ സംബന്ധിച്ച് ഹർജിക്കാർ നൽകിയ വിശദീകരണത്തിൽനിന്ന്, ഇരുവരും കുറ്റം ചെയ്തതായി കരുതാൻ ന്യായമായ കാരണങ്ങളില്ലെന്നാണ് കോടതി വിധിന്യായത്തിൽ പറയുന്നത്. 14 മാസത്തിനു ശേഷമാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. 2023 സെപ്റ്റംബര്‍ 27 മുതല്‍ ഇരുവരും ഇഡിയുടെ കസ്റ്റഡിയിലായിരുന്നു.

പി ആര്‍ അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്കില്‍ രണ്ട് അക്കൗണ്ടുകളിലായി 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപമുണ്ടെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. കള്ളപ്പണ ഇടപാടുകേസില്‍ അരവിന്ദാക്ഷന് കൃത്യമായ പങ്കുണ്ടെന്നാണ് ഇഡി കോടതിയില്‍ വാദിച്ചത്. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന നിലപാടായിരുന്നു ഇഡി സ്വീകരിച്ചത്. 334 കോടി രൂപ വെളുപ്പിച്ചെന്ന ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷന്‍.അരവിന്ദാക്ഷന് കരുവന്നൂര്‍ ബാങ്കില്‍ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം ഉണ്ടെന്നും ഇത് ബിനാമി വായ്പകള്‍ വഴി ലഭിച്ച പണം ആണെന്നുമാണ് ഇഡി പറയുന്നത്.

കേസിലെ മറ്റൊരു പ്രതിയായ കരുവന്നൂര്‍ ബാങ്ക് മുന്‍ അക്കൗണ്ടന്റ് ജില്‍സ് ലക്ഷക്കണക്കിന് രൂപയുടെ ഭൂമി വില്‍പന നടത്തിയിരുന്നുവെന്നും ഇഡി ആരോപിച്ചു. എന്നാൽ കേസില്‍ അന്വേഷണം പൂർത്തിയാവുകയോ കുറ്റപത്രം സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. അടുത്തെങ്ങും വിചാരണ തുടങ്ങാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ ജാമ്യത്തിന് അർഹതയുണ്ടെന്ന വാദം കോടതി അംഗീകരിക്കുകയും ചെയ്തു.

STORY HIGHLIGHT: highcourt againsted in karuvannur bank scam case