India

തീരുമാനമെടുക്കാന്‍ നാല് ദിവസം ; കേന്ദ്ര-സംസ്ഥാന സർക്കാരിന് കര്‍ഷകരുടെ അന്ത്യശാസനം – noida farmers demand compensation land rights and debt relief

പുതിയ കാര്‍ഷിക നിയമങ്ങളനുസരിച്ച്, കര്‍ഷകര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരങ്ങളും ആനുകൂല്യങ്ങളും നല്‍കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ഭാരതീയ കിസാന്‍ പരിഷതിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ കേന്ദ്ര-സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാന്‍ നാല് ദിവസത്തെ സമയം നല്‍കി കര്‍ഷക സംഘടനകള്‍.

പഴയ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം സര്‍ക്കാര്‍ നോയിഡയിലേയും മറ്റ് പ്രദേശങ്ങളിലേയും വികസനത്തിനായി കര്‍ഷകരുടെ കൈയില്‍ നിന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെ പത്തുശതമാനം വിഹിതം തിരിച്ചുനല്‍കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഇത് കൂടാതെ നഷ്ടപരിഹാരമായി നല്‍കുന്ന തുകയില്‍ 64 ശതമാനത്തിന്റെ വര്‍ധനവും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഭൂമി പൂര്‍ണമായും നഷ്ടപ്പെടുന്ന കര്‍ഷകരുടെ മക്കളുടെ വിദ്യാഭ്യാസ ചിലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കണം, കാര്‍ഷിക കടങ്ങള്‍ എഴുതിത്തളണം, വിളകള്‍ക്ക് അടിസ്ഥാന വില ഏര്‍പ്പെടുത്തണം, വൈദ്യുതി ബില്‍ കുടിശ്ശിക പൂര്‍ണമായും ഒഴിവാക്കി നല്‍കണം, കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം തുടങ്ങിയുള്ള ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്.

ഡിസംബര്‍ ആറാം തിയ്യതിക്കുള്ളില്‍ കര്‍ഷകര്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ശംഭു അതിര്‍ത്തിയിലുള്ള കര്‍ഷകര്‍ മാര്‍ച്ച് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ നോയിഡയില്‍ എത്തിയിട്ടുള്ള കര്‍ഷകര്‍ക്ക് പുറമെ, മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി ചലോ മാര്‍ച്ച് ആരംഭിച്ച ഭാരതിയ കിസാന്‍ യൂണിയന്റെയും കിസാന്‍ മോര്‍ച്ച നോണ്‍ പൊളിറ്റിക്കലിന്റേതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ പഞ്ചാബ്-ഹരിയാന അതിര്‍ത്തി പ്രദേശമായ ശംഭുവില്‍ തമ്പടിച്ചിട്ടുണ്ട്.

STORY HIGHLIGHT: noida farmers demand compensation land rights and debt relief