ഒരു വ്യക്തി ഉറക്കത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ മുതല്‍ ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്ക് വരെ കാരണമാകും. ഓരോ പ്രായക്കാരും എത്രത്തോളം ഉറങ്ങണം എന്നതുസംബന്ധിച്ച കൃത്യമായ നിര്‍ദേശങ്ങളുണ്ട്.
മൂന്നുമാസം വരെ പ്രായമുള്ള നവജാതശിശുക്കള്‍ പതിനാലുമുതല്‍ പതിനേഴു മണിക്കൂര്‍ കിടന്നുറങ്ങണമെന്നാണ് സി.ഡി.സി. നിര്‍ദേശിക്കുന്നത്. നാലുമുതല്‍ പന്ത്രണ്ടുമാസം വരെ പ്രായമുള്ളവര്‍ പന്ത്രണ്ടുമുതല്‍ പതിനാറു മണിക്കൂര്‍ ഉറങ്ങണം. ഒരുവയസ്സുമുതല്‍ രണ്ടുവയസ്സുവരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് പതിനൊന്നുമുതല്‍ പതിനാലുമണിക്കൂര്‍ ഉറക്കം ലഭിക്കണം. മൂന്നുമുതല്‍ അഞ്ചുവയസ്സുവരെയുള്ള കുട്ടികളാണെങ്കില്‍ പത്തുമുതല്‍ പതിമൂന്നുമണിക്കൂര്‍ വരെയും ഉറങ്ങണം.
സ്‌കൂളില്‍പോകുന്ന പ്രായത്തിലുള്ള ആറുമുതല്‍ പന്ത്രണ്ടുവയസ്സുവരെ പ്രായക്കാര്‍ ഒമ്പതുമുതല്‍ പന്ത്രണ്ടുമണിക്കൂര്‍ വരെ ഉറങ്ങണം. പതിമൂന്നുമുതല്‍ പതിനേഴുവരെ പ്രായമുള്ള കൗമാരക്കാര്‍ എട്ടുമുതല്‍ പത്തുമണിക്കൂര്‍ വരെയും പതിനെട്ടു മുതല്‍ അറുപതു വയസ്സുവരെ പ്രായമുള്ളവര്‍ ഏഴുമണിക്കൂറോ അതിലധികമോ ഉറങ്ങുകയും വേണം. ഇനി അറുപത്തിയൊന്നിനും അറുപത്തിനാലിനും ഇടയില്‍ പ്രായമുള്ളവരാണെങ്കില്‍ ഏഴുമുതല്‍ ഒമ്പത് മണിക്കൂറും അറുപത്തിയഞ്ചു വയസ്സും അതിനുമുകളിലും പ്രായമുള്ളവര്‍ ഏഴുമുതല്‍ എട്ടുമണിക്കൂറും ഉറങ്ങണം.
പ്രായംമാത്രമല്ല മറ്റുചില ഘടകങ്ങള്‍ കൂടി ഉറക്കത്തെ നിര്‍ണയിക്കുന്നുവെന്ന് സി.ഡി.സി. പറയുന്നു. അതിലൊന്ന് സ്ലീപ് ക്വാളിറ്റിയാണ്. ഉറക്കത്തിനിടയില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടാകുന്നത് സുഖകരമായ ഉറക്കം ലഭിക്കാതിരിക്കാനിടയാക്കും. മുമ്പ് ഉറക്കക്കുറവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അതും സുഖകരമായ ഉറക്കം ലഭിക്കാന്‍ തടസ്സമാകും. ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളും ഉറക്കം പ്രശ്‌നകരമാക്കും. ഇതുകൂടാതെ പ്രായവും പ്രധാനഘടകമാണ്. പ്രായംകൂടുംതോറും ഉറക്കത്തിന്റെ സ്വഭാവത്തിലും മാറ്റംവരും. ചെറുപ്പത്തില്‍ കിട്ടിയ അതേ ദൈര്‍ഘ്യത്തില്‍ പ്രായംകൂടുംതോറും ഉറങ്ങാനാവില്ല. ഇക്കൂട്ടര്‍ കിടന്നാലും ഉറങ്ങാന്‍ വൈകുകയോ, കുറഞ്ഞസമയം മാത്രം ഉറങ്ങുകയോ, ഉറക്കത്തിനിടയില്‍ ഇടയ്ക്കിടെ എഴുന്നേല്‍ക്കുകയോ ചെയ്യും.
ഉറക്കം പ്രതിരോധശക്തിയെ മെച്ചപ്പെടുത്തും, ഇത് അണുക്കളെയും രോഗങ്ങളെയും പ്രതിരോധിക്കല്‍ എളുപ്പമാക്കും. വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളെ ഉറക്കം ബാധിക്കും. ഇതുമൂലം ഉറക്കം ശരിയാകാത്തത് വണ്ണംവെക്കാനും കൂടാനുമൊക്കെ കാരണമാകും. സുഖകരമായ ഉറക്കം ലഭിക്കുന്നത് ആരോഗ്യകരമായ വണ്ണം നിലനിര്‍ത്താന്‍ സഹായിക്കും. സ്‌ട്രെസ്സ് ഹോര്‍മോണുകളെ നിയന്ത്രിക്കാനും ഉറക്കത്തിന് കഴിവുണ്ട്. അതിനാല്‍ സുഖകരമായ ഉറക്കം മാനസികാരോഗ്യവും മെച്ചപ്പെടുത്തും.
രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവയുടെ തോത് നിയന്ത്രിക്കുന്നതിനും ഹൃദയസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ടൈപ് 2 ഡയബറ്റിസ് സാധ്യത കുറയ്ക്കാനുമൊക്കെ ഉറക്കത്തിന് കഴിയും.
വേണ്ടത്ര ഉറക്കം ലഭിക്കാത്തത് ശരീരത്തെ ക്ഷീണിപ്പിക്കുകയും വാഹനമോടിക്കുമ്പോഴും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തത് അപകടങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും. ഓര്‍മശക്തി വര്‍ധിപ്പിക്കാനും ഏകാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യാനുമൊക്കെ സുഖകരമായ ഉറക്കം കൂടിയേതീരൂ.