ആലപ്പുഴയെ കുറിച്ച് പറയുന്നതിനേക്കാള്‍ ഭംഗി നേരിട്ട് കാണുന്നതിലാണ്. കാരണം ആലപ്പുഴയുടെ ഭംഗി എത്ര വിവരിച്ചാലും അതിന്റെ ഭംഗി മുഴുവനായി ഉള്‍ക്കാന്‍ കഴിയില്ല എന്നതാണ് സത്യം. വിശാലമായ അറബിക്കടലിന്റെയും, അതിലേക്കൊഴുകുന്ന നദീശൃംഖലയുടെയും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന നാഴികക്കല്ലാണ് ആലപ്പുഴ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തില്‍ ഇന്ത്യാ മഹാസാമ്രാജ്യത്തിന്റെ വൈസ്രോയി ആയിരുന്ന കഴ്സന് പ്രഭു, ആലപ്പുഴ സന്ദര്‍ശിച്ച വേളയില്‍ , ആലപ്പുഴയുടെ സൌന്ദര്യത്തില്‍ മതിമറന്ന് അത്യാഹ്ലാദത്തോടെ, ആശ്ചര്യത്തോടെ വിളിച്ച് പറഞ്ഞു , ”ഇവിടെ പ്രകൃതി തന്റെ അനുഗ്രഹം വാരിക്കോരി ചൊരിഞ്ഞിരിക്കുന്നു, ആലപ്പുഴ – കിഴക്കിന്റെ വെനീസ് ‘. അന്ന് മുതല്‍ ലോകഭൂപടത്തില്‍ ആലപ്പുഴ ‘കിഴക്കിന്റെ വെനീസ് ‘ എന്ന പേരില്‍ അറിയപ്പെട്ടു വരുന്നു. തുറമുഖം , കടല്‍പ്പാലം,തലങ്ങും വിലങ്ങും ഉള്ള തോടുകള്‍, അവയ്ക്ക് കുറുകേയുള്ള പാലങ്ങള്‍, റോഡുകള്‍, നീണ്ട ഇടമുറിയാത്ത കടല്‍ത്തീരം, പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതി , ഇവയെല്ലാമായിരിക്കും കഴ്സന് പ്രഭുവിന് , ആലപ്പുഴയെ , കിഴക്കിന്റെ വെനീസിനോട് ഉപമിക്കാന്‍ പ്രചോദനം ഏകിയത്.
ആലപ്പുഴക്ക് ഒരു ശ്രേഷ്ഠമായ പൂര്‍വ്വകാല ചരിത്രം ഉണ്ട്. 18-)ം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ദിവാന് രാജകേശവദാസ് ആണ് ഇന്നത്തെ ആലപ്പുഴ പട്ടണം നിര്‍മ്മിച്ചതെങ്കിലും, സംഘകാല ചരിത്ര കൃതികളില്‍ തന്നെ ആലപ്പുഴയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് . നോക്കെത്താദൂരത്ത് പച്ചപ്പരവതാനി വിരിച്ചതു പോലെയുള്ള നെല്‍വയലുകളാല്‍ സമൃദ്ധമായ – കേരളത്തിന്റെ നെല്ലറയായ കുട്ടനാടും, കുഞ്ഞരുവികളും, തോടുകളും, അവയുടെ ഇടക്കുള്ള തെങ്ങിന് തോപ്പുകളുമെല്ലാം സംഘകാലത്തിന്റെ ആദ്യ പാദം മുതല്ക്കുതന്നെ പ്രസിദ്ധമായിരുന്നു. പ്രാചീന കാലം മുതല്ക്കുതന്നെ ഗ്രീസുമായും, റോമുമായും, ആലപ്പുഴക്ക് കച്ചവട ബന്ധമുണ്ടായിരുന്നതായി ചരിത്രത്താളുകള്‍ പറയുന്നു
ആലപ്പുഴക്ക് ഈ പേര് വന്നത് – ആല്‍മരത്തെ ചുറ്റിയോ അല്ലെങ്കില്‍ അതിന്റെ സമീപത്തുകൂടിയോ പുഴ ഒഴുകുന്നതിനാലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേരു ലഭിച്ചതെന്നും, ആലം, പുഴ എന്നീ വാക്കുകള്‍ ചേര്‍ന്നാണ് ആലപ്പുഴ എന്ന സ്ഥലനാമമുണ്ടായതെന്നും ഉള്ള വാദങ്ങള്‍ ഇന്നും ഉണ്ട്. ആഴമുള്ള പുഴകളുടെ നാട് പിന്നീട് ആലപ്പുഴയായി മാറിയതാണെന്നും ഒരു വാദമുണ്ട്. ചുണ്ടന് വള്ളങ്ങള്‍ക്ക് പ്രസിദ്ധമാണ് ആലപ്പുഴ. വര്‍ഷം തോറും നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി പ്രസിദ്ധമാണ്. കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാള്‍ താഴെയുള്ള കൃഷിയിടങ്ങളില്‍ ഉപ്പുവെള്ളം കയറാതിരിക്കാന്‍ നിര്‍മിച്ചത് ആണ് തണ്ണീര്‍മുക്കം ബണ്ട്. 1958-ല്‍ നിര്‍മാണം തുടങ്ങിയ ബണ്ട് 1975-ലാണ് പൂര്‍ത്തിയായത്. വെച്ചൂര്‍ മുതല്‍ തണ്ണീര്‍മുക്കം വരെയാണ് ബണ്ടിന്റെ കിടപ്പ്.
വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ് ആലപ്പുഴ ജില്ലയ്ക്കുളളത്. കായലുകളാലും, നദികളാലും, തോടുകളാലും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന മണല്‍ പ്രദേശമാണ് ആലപ്പുഴ ജില്ലയുടെ പ്രത്യേകത. ജില്ലയില്‍ മലമ്പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല എന്നിരിക്കിലും, ഭരണിക്കാവ്, ചെങ്ങന്നൂര്‍, ബ്ലോക്ക് പഞ്ചായത്തു പ്രദേശങ്ങള്‍ക്കിടയില്‍ അവിടവിടെയായി ചില കുന്നുകള്‍ ചിതറി കിടപ്പുണ്ട്. ചേര്‍ത്തല അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പളളി എന്നീ താലൂക്കുകള്‍ മുഴുവനായും തീരദേശ മേഖലയില്‍(low land)പെടുന്നു.
ജില്ലയുടെ 80% ഭൂഭാഗവും തീരദേശ മേഖലയിലും ബാക്കി ഭാഗം ഇടനാട് (mid land) പ്രദേശത്തിലും ഉള്‍പ്പെടുന്നു . ജില്ലയ്ക്ക് 82 കി.മീ. ദൂരം പരന്ന ഇടമുറിയാതെയുളള കടല്ത്തീരമാണുളളത്. സംസ്ഥാനത്ത് മലനാട് (high land) പ്രദേശം ഉള്‍പ്പെടാത്ത ഏക ജില്ലയാണ് ആലപ്പുഴ. ജില്ലയുടെ വിസ്തൃതിയുടെ 13% ത്തോളം ജലാശയങ്ങളാണ്. കുട്ടനാട് പ്രദേശമാകട്ടെ സമുദ്ര നിരപ്പിനെക്കാള്‍ താഴ്ന്ന പ്രദേശവുമാണ്.