അമേരിക്കൻ പരിസ്ഥിതി പ്രവർത്തകയും അഭിഭാഷകയുമാണ് ജൂലിയ ബട്ടർഫ്ളൈ ഹിൽ. 738 ദിവസം ഒരു മരത്തിന് മുകളിൽ കഴിഞ്ഞ പെൺകുട്ടിയായാണ് ജൂലിയ ലോകപ്രശസ്തയായത്. കഥകേൾക്കുമ്പോൾ നമ്മൾ ചിന്തിക്കും ലോകറെക്കോർഡുകൾക്ക് വേണ്ടിയായിരുന്നു ശ്രമമെന്ന്, എന്നാൽ തെറ്റി. ഇത് ജൂലിയയുടെ പോരാട്ടവും ചെറുത്തുനിൽപ്പുമായിരുന്നു. 1996ൽ ആണ് സംഭവങ്ങളുടെ തടക്കം. ദീർഘകാലങ്ങളായി പ്രകൃതിക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ മരമാണ് അമേരിക്കയിലെ വടക്കൻ കലിഫോർണിയയിൽ വളരുന്ന സെക്വയ എന്ന കലിഫോർണിയ റെഡ്‍വുഡ്. എന്നാൽ 1996ൽ പെസഫിക് ലുംബർ എന്ന കമ്പനി പ്രദേശത്തെ മരങ്ങൾ മുറിച്ചുമാറ്റിയത് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമായി. വനനശീകരണത്തിനെതിരെ നിരവധി പോരാട്ടങ്ങൾ നടന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. അവശേഷിക്കുള്ള മരങ്ങളെയെങ്കിലും സംരക്ഷിച്ച് നിർത്താൻ പ്രകൃതി സ്നേഹികൾ കൂട്ടായി തീരുമാനിച്ചു. അവിടെ നിന്നാണ് ജൂലിയ ബട്ടർഫ്ളൈ ഹില്ലിന്റെ പോരാട്ടം ആരംഭിക്കുന്നത്. ആയിരത്തോളം വർഷം പ്രായമുള്ള ഒരു റെഡ്‌വുഡ് മരത്തിന് മുകളിൽ കയറി മരത്തിന് കാവൽ ഇരിക്കാൻ ആ 23 കാരി തീരുമാനിച്ചു. 180 അടി ഉയരമുള്ള മരത്തിന് മുകളിൽ ഒരു ചെറിയ മാടമുണ്ടാക്കി ജൂലിയ 1997 ഡിസംബർ 10 മുതൽ അവിടെ പാർക്കാൻ തുടങ്ങി. പ്രതികൂല കാലാവസ്ഥയും എതിരാളികളുടെ ആക്രമണവുമൊന്നും അവളെ ദൗത്യത്തിൽ നിന്നു പിന്തിരിപ്പിച്ചില്ല. എര്‍ത്ത് ഫസ്റ്റ് എന്ന പരിസ്ഥിതി സംഘടന എത്തിച്ചുനല്‍കിയ ഭക്ഷണവും പരിമിതമായ സൗകര്യങ്ങളുമായി ജൂലിയ മരത്തിന് മുകളിൽ തന്നെ തുടർന്നു.
മരംമുറിക്കാൻ നേതൃത്വം നൽകിയ കമ്പനിയുടെ ഹെലികോപ്റ്ററുകള്‍ മരത്തിന് മുകളില്‍ ശക്തമായ കാറ്റടിപ്പിച്ച് പറന്നതിനെയും മഞ്ഞിനെയും മഴയേയും പേമാരിയെയും തുടങ്ങി എല്ലാ വെല്ലുവിളികളെയും മരത്തിന് മുകളിൽ ഇരുന്ന് ജൂലിയ നേരിട്ടു. വിഷയം മാധ്യമശ്രദ്ധ നേടിയതോടെ പൊതുസമൂഹത്തിന്റെ ഇടപെടലും ഉണ്ടായി. അങ്ങനെ1999 വരെ പോരാട്ടം തുടർന്ന ജൂലിയ ബട്ടർഫ്ളൈ ഹില്ലിന് മുമ്പിൽ അധികൃതർക്ക് മുട്ടുമടക്കേണ്ടി വന്നു. സെക്വയ മരങ്ങള്‍ സംരംക്ഷിക്കാന്‍ നടപടിയുണ്ടായി. സ്വാർഥലാഭത്തിനായി ഒരു വിഭാഗം ആളുകൾ പ്രകൃതിയെ നശിപ്പിക്കുമ്പോഴും ജൂലിയ ഹില്ലിനെ പോലെയുള്ളവരുടെ ചെറുത്തുനിൽപുകൾ ഭാവി തലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു. 738 ദിവസം മരത്തിനു മുകളില്‍ കഴിഞ്ഞ ജൂലിയയുടെ ജീവിതം നിരവധി സാഹിത്യകൃതികളിലും പോപ്പ് സംഗീതങ്ങളിലും വിഷയമായിട്ടുണ്ട്. സര്‍ക്കിള്‍ ഓഫ് ഫൗണ്ടേഷന്‍ എന്ന സംഘടനയ്ക്കു രൂപം കൊടുത്ത ഇവര്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.